അപ്മാസ് പുരസ്‌ക്കാരം ഏറ്റുവാങ്ങി കുടുംബശ്രീയുടെ സമൃദ്ധി & ബ്ലോസം അമൃതം ന്യൂട്രിമിക്സ് യൂണിറ്റ്

സ്വയം സഹായ സംഘങ്ങളുടെ ഫെഡേറേഷന്‍ (സി.ഡി.എസ്) പിന്തുണ നല്‍കി പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളില്‍ ദേശീയതലത്തിലെ ഏറ്റവും മികച്ച സംരംഭം എന്ന ആന്ധ്രപ്രദേശ് മഹിളാ അഭിവൃദ്ധി സൊസൈറ്റി (അപ്മാസ്) പുരസ്‌ക്കാരം കുടുംബശ്രീയുടെ സമൃദ്ധി & ബ്ലോസം അമൃതം ന്യൂട്രിമിക്സ് യൂണിറ്റ് അംഗങ്ങള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസ് 4ന് കീഴില്‍ വിഴിഞ്ഞത്താണ് ഈ സംരംഭം സ്ഥിതി ചെയ്യുന്നത്.

നവംബര്‍ 22 ന് ഹൈദരാബാദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അപ്മാസ് സി.ഇ.ഒയും എം.ഡിയുമായ സി.എസ് റെഡ്ഡിയും മറ്റ് പ്രതിനിധികളും ചേര്‍ന്ന് സമൃദ്ധി & ബ്ലോസം യൂണിറ്റിന് പുരസ്‌ക്കാരം സമ്മാനിച്ചു. ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

പ്രമീള (പ്രസിഡന്റ്), സിന്ധു. എല്‍, ബെറ്റി, സുനി. എം, ശാന്തി, വത്സല, സോന, ബ്രിജിത്, ക്ലെറി, അമ്പിളി എന്നീ പത്ത് അംഗങ്ങള്‍ യൂണിറ്റിനെ പ്രതിനിധീകരിച്ച് അവാര്‍ഡ് ഏറ്റുവാങ്ങി.