ആ 20 പേര്‍ക്ക് സ്വപ്‌നസാഫല്യം ; ഡ്രോണ്‍ പരിശീലനം നേടി കൊറഗ ഗോത്രക്കാര്‍

കാസര്‍ഗോഡ് ജില്ലയില്‍ കൊറഗ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 20 പേര്‍ തങ്ങളുടെ സ്വപ്‌നം സാഫല്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍. ഡ്രോണ്‍ പറത്തല്‍ പഠിക്കണമെന്ന അവരുടെ ആഗ്രഹം കുടുംബശ്രീ ജില്ലാ മിഷന്‍ മുന്‍കൈയെടുത്ത് നടത്തിക്കൊടുക്കുകയായിരുന്നു.

കുടുംബശ്രീ മുഖേന ജില്ലയില്‍ നടപ്പിലാക്കി വരുന്ന കൊറഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി അസാപ് സ്‌കില്‍ പാര്‍ക്കുമായി സഹകരിച്ചാണ് ഡ്രോണ്‍ പറത്തല്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശീയമേഖലയില്‍ ഇതാദ്യമായാണ് കുടുംബശ്രീ ഡ്രോണ്‍ പറത്തല്‍ പരിശീലനം സംഘടിപ്പിക്കുന്നത്.

16 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി ഏപ്രില്‍ 19നാണ് ആരംഭിച്ചത്. പരിശീലനാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം, യാത്രാബത്ത എന്നിവയെല്ലാം കുടുംബശ്രീയാണ് നല്‍കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ നേടാനുള്ള പിന്തുണയും നല്‍കും.

പരിശീലനപരിപാടിയുടെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ (ഇന്‍ചാര്‍ജ്ജ്) സി.എച്ച് ഇക്ബാല്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ അസാപ്പ് കോര്‍ഡിനേറ്റര്‍മാരായ സനല്‍, പ്രജിത്ത് എന്നിവര്‍ പദ്ധതി വിശദീകരിച്ചു. അസാപ്പ് സ്‌കില്‍ പാര്‍ക്ക് സെന്റര്‍ കോര്‍ഡിനേറ്റര്‍ അഖില്‍ സ്വാഗതവും കൊറഗ പ്രത്യേക പദ്ധതി കോര്‍ഡിനേറ്റര്‍ യദുരാജ് നന്ദിയും പറഞ്ഞു.