ഇന്ത്യന്‍ പാര്‍ലമെന്റ്, വിവിധ ചരിത്ര സ്മാരകങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് ഇന്ത്യയുടെ സാംസ്‌ക്കാരിക പൈതൃകവും ചരിത്രവും അടുത്തറിയുകയാണ് കുടുംബശ്രീ ബാലസഭാംഗങ്ങളായ 13 കൂട്ടുകാര്‍. 2023ല്‍ സംഘടിപ്പിച്ച ബാല പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ബാലസഭാംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഇവര്‍.
ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പഠന സന്ദര്‍ശനത്തിനായി ഈ മാസം 23ന് കേരളത്തില്‍ നിന്ന് തിരിച്ച കുട്ടി സംഘം 25ന് ഡല്‍ഹിയിലെത്തി. തുടര്‍ന്ന് രാഷ്ട്രപതി ഭവനും കുത്തബ് മിനാറും ഉള്‍പ്പെടെ വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ചു. രാജസ്ഥാനിലെ ജയ്പൂരും ഇവര്‍ സന്ദര്‍ശിച്ചു. മേയ് 1ന് കുട്ടികള്‍ കേരളത്തില്‍ തിരികെയെത്തും. ചരിത്രത്തിലാദ്യമായാണ് ബാലസഭാംഗങ്ങള്‍ക്കായി സംസ്ഥാനത്തിന് പുറത്തേക്ക് ഇങ്ങനെയൊരു പഠനയാത്ര കുടുംബശ്രീ സംഘടിപ്പിക്കുന്നത്. നൂതനമായ പഠന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ പഠിതാക്കളുമായും അധ്യാപകരുമായും കുട്ടികള്‍ ആശയവിനിമയം നടത്തി.
അനന്യ. സി, നിവേദ്യ. കെ, ദൃശ്യ. ജെ (മൂവരും കോഴിക്കോട്), അഭിനവ്. ബി (അഗളി, പാലക്കാട്), സന്ദീപ് എസ്. നായര്‍ (മലപ്പുറം), അസ്മിന്‍. എസ് (ആലപ്പുഴ) ശിവ നന്ദന്‍ സി.എ, നയന എസ്. നായര്‍ (ഇരുവരും കൊല്ലം), അഥീന രതീഷ് വി.ആര്‍ (ആലപ്പുഴ), സൂരജ കെ.എസ് (കാസര്‍ഗോഡ്), ആര്യനന്ദ അനീഷ്, രഷ്മിയ രമേഷ് (ഇരുവരും കണ്ണൂര്‍), ശ്രീനന്ദന വി.എസ് (തൃശ്ശൂര്‍) എന്നീ ബാലസഭാ കൂട്ടുകാരുടെ ഈ പഠനയാത്ര കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് നയിക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും ബാലസഭാംഗങ്ങള്‍ക്ക് മനസ്സിലാക്കി നല്‍കുന്നതിന് 2007 മുതല്‍ എല്ലാവര്‍ഷവും കുടുംബശ്രീ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനമാണ് ബാല പാര്‍ലമെന്റ്. കുടുംബശ്രീ രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അയല്‍ക്കൂട്ടമായ 31,612 ബാലസഭകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. അഞ്ച് മുതല്‍ 18 വരെ പ്രായമുള്ള 4,59,151 കുട്ടികള്‍ ഈ ബാലസഭകളില്‍ ഇപ്പോള്‍ അംഗങ്ങളാണ്.
