കണ്ണൂരിലെങ്ങും ഇനി കറുത്ത പൊന്നിന്‍ കാലം

കറുത്ത പൊന്ന് എന്ന പേരിലറിയപ്പെടുന്ന സുഗന്ധവ്യജ്ഞനങ്ങളിലെ രാജാവാണ് കുരുമുളക്. പാചകത്തിനും ആരോഗ്യസംരക്ഷണത്തിനുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്ന കുരുമുളകിന്റെ വിലവര്‍ദ്ധനവിന് പരിഹാരം കാണാന്‍ കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ ഒരു വ്യത്യസ്ത പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ഒരു വീട്ടില്‍ ഒരു കുരുമുളക് തൈ എന്ന ഈ പദ്ധതി മുഖേന ജില്ലയിലെ അയല്‍ക്കൂട്ടാംഗങ്ങളുടെ അടുക്കളത്തോട്ടങ്ങളില്‍ ഒരു കുറ്റി കുരുമുളക് എങ്കിലും കൃഷി ചെയ്യുമെന്ന് ഉറപ്പു വരുത്തും.

ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനോട് അനുബന്ധിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ജൂലൈ അഞ്ച് വരെ ജില്ലയിലെ 81 സി.ഡി.എസുകളിലെയും അയല്‍ക്കൂട്ടങ്ങള്‍, കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങള്‍, ഐ.എഫ്.സി (ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റര്‍) എന്നിവ മുഖേന അയല്‍ക്കൂട്ടാംഗങ്ങളിലേക്ക് കുരുമുളക് തൈകള്‍ എത്തിക്കും.

ജില്ലയിലെ കുടുംബശ്രീ ജൈവിക നേഴ്‌സറികളിൽ നിന്നുമുള്ള ഹൈബ്രിഡ് കുറ്റി കുരുമുളക് തൈകളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷത്തോളം തൈകള്‍ വിതരണം ചെയ്യുകയും അയല്‍ക്കൂട്ടാംഗങ്ങളുടെ വീടുകളില്‍ ഇവ നടുകയും ചെയ്യും.

പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് സി.ഡി.എസിലെ പറവൂര്‍ കുണ്ടയാട് അംഗനവാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി. ജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മോഹനന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.ജി. ബിന്ദു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി സുധാകരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. കാര്‍ത്യായനി, മെമ്പര്‍ സെക്രട്ടറി എം.വി. പവിത്രന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി.വി. സ്വപ്ന എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സൈജു പത്മനാഭന്‍ പദ്ധതി വിശദീകരണം നടത്തി.