കാസര്‍ഗോഡിന്റെ കടലോളം ആവേശക്കടലായി ഒരുമയുടെ തീരസംഗമം

കാസര്‍ഗോഡ് ജില്ലയിലെ തീരദേശ അയല്‍ക്കൂട്ടങ്ങളുടെ ശാക്തീകരണവും സ്വയംപര്യാപ്തതയും കാര്യക്ഷമമാക്കുക ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിച്ച കടലോളം- ഒരുമയുടെ തീരസംഗമം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വലിയപറമ്പ കോര്‍ണിഷ് ബീച്ചില്‍ 13 മുതല്‍ 15 വരെയുള്ള മൂന്ന് ദിനങ്ങളിലായി കലാ സാംസ്‌ക്കാരിക പരിപാടികളും സെമിനാറുകളും സിനിമാ പ്രദര്‍ശനവും ഭക്ഷ്യമേളയും ബോധവത്ക്കരണ ക്ലാസ്സുകളും ബാല വയോജന സംഗമവും കലാസന്ധ്യയുമെല്ലാം അരങ്ങേറി.

തീരദേശ മേഖലയിലെ അയല്‍ക്കൂട്ടങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നതിനും കടലോളം തീരസംഗമം വേദിയായി. ജില്ലയിലെ 11 തീരദേശ പഞ്ചായത്തുകളിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം പേരാണ് തീരസംഗമത്തിന്റെ ഭാഗമായത്.

തീരദേശ മേഖലയില്‍ നിന്ന് കലാ, കായിക മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെയും വയോജനങ്ങളെയും ആദരിക്കല്‍, സാഗര്‍മാല നൈപുണ്യ പരിശീലന പദ്ധതി മൊബിലൈസേഷന്‍ എന്നിങ്ങനെ വിവിധ പരിപാടികളും കടലോളത്തിന്റെ ഭാഗമായി നടന്നു.

13ന് നടന്ന ചടങ്ങില്‍ തീരസംഗമത്തിന്റെ ഉദ്ഘാടനം എം. രാജഗോപാലന്‍ എം.എല്‍.എ. നിര്‍വഹിച്ചു. വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന്‍ അധ്യക്ഷനായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ വലിയപറമ്പയിലെ കുടുംബശ്രീ ഹോം സ്‌റ്റേ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. കാസര്‍ഗോഡ് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജീന്‍ ലെവിനോ മൊന്തേരോ, റുബീന നൗഫല്‍, താഹിറ യൂസഫ്, സുഫൈജ അബൂബക്കര്‍, പി. ലക്ഷ്മി, ടി. ശോഭ, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, വലിയപറമ്പ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ.കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു.