കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിജയമാതൃകകളിൽ ആകൃഷ്ടരായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ വിദഗ്ധ സംഘം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെയും 22 സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ് മിഷന്റെ പ്രതിനിധികളും ഐ.ഐ.ടി, ഐ.ഐ.എം അടക്കം രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് വിദഗ്ധരും ഉൾപ്പെട്ട 30 അംഗ സംഘമാണ് മാതൃകാ പദ്ധതികൾ സന്ദർശിച്ചത്. സെക്രട്ടേറിയറ്റിനു സമീപത്തെ കുടുംബശ്രീ പ്രീമിയം കഫേ, ഓവർ ബ്രിഡ്ജിന് സമീപം പ്രവർത്തിക്കുന്ന ഷീ ഹബ്, വെങ്ങാനൂരിലെ ന്യൂട്രിമിക്സ് യൂണിറ്റ്, കോട്ടുകാലിലെ ഹരിതകർമസേന യൂണിറ്റ് മെറ്റീരിയൽ കളക്ഷൻ സെന്റർ എന്നിവിടങ്ങളാണ് സംഘം സന്ദർശിച്ചത്. കുടുംബശ്രീയും ദേശീയ ഗ്രാമീണ ഉപജീവന മിഷനും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘കുടുംബശ്രീ റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റേഴ്സ്’ – ത്രിദിന ദേശീയതല ശിൽപശാലയിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു സംഘം.
തിരുവനന്തപുരം നഗരത്തിൽ വനിതകൾക്ക് ഒരേ സമയം 25 പേർക്ക് ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്നതിനും കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനും നഗരസഭ നിർമിച്ച് ഓവർബ്രിഡ്ജിന് സമീപത്തെ ഗോൾഡൻ ജൂബിലി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഷീ ഹബ്ബും ഷീ സ്പേസുമാണ് ആദ്യം സന്ദർശിച്ചത്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകളുടെ മേൽനോട്ടത്തിലാണ് ഇതിന്റെ പ്രവർത്തനം. നഗരത്തിലെ വനിതാ സംരംഭകർക്ക് തൊഴിലിടമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സജ്ജീകരിച്ച ഷീ ഹബ്ബിന്റെയും എ.സി നോൺ എ.സി റൂമുകളും ഡോർമെറ്ററി ഉൾപ്പെടെ 20 കിടക്കകളുള്ള താൽക്കാലിക താമസസൗകര്യം ലഭ്യമാക്കുന്ന ഷീ സ്പേസിന്റെയും പ്രവർത്തനങ്ങൾ പ്രതിനിധികളെ ഏറെ ആകർഷിച്ചു.
കോൺഫറൻസ് ഹാൾ, സൂം മീറ്റിങ്ങ് നടത്താനുള്ള സൗകര്യങ്ങൾ, എൽ.ഇ.ഡി പ്രൊജക്ടർ, വൈഫൈ സംവിധാനം, ആധുനിക രീതിയിൽ ഫർണിഷ് ചെയ്ത ഇന്റീരിയർ, കഫെറ്റേറിയ, മികച്ച ടോയ്ലെറ്റ് സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന ഷീ ഹബ്ബിന്റെ പ്രവർത്തനം തികച്ചും അഭിനന്ദനാർഹമാണെന്നും ഈ മാതൃക തങ്ങളുടെ സംസ്ഥാനത്തും ഉടൻ നടപ്പാക്കുമെന്നും സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ് മിഷന്റെ പ്രതിനിധികൾ അറിയിച്ചു.
സെക്രട്ടേറിയറ്റിന് സമീപത്തെ കുടുംബശ്രീ പ്രീമിയം കഫേ സന്ദർശിച്ച സംഘം സ്ത്രീകളുടെ നേതൃത്വത്തിലുള്ള കഫേയുടെ നടത്തിപ്പിലും മതിപ്പ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ബാലരാമപുരം പഞ്ചായത്ത് ഹാളിൽ കുടുംബശ്രീ കാറ്ററിങ് യൂണിറ്റാണ് സന്ദർശകർക്കായി സദ്യയൊരുക്കിയത്. തുടർന്ന് കോട്ടുകാൽ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളെ പരിചയപ്പെട്ട സംഘം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ, റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ എന്നിവ സന്ദർശിച്ചു. മാലിന്യം തരംതിരിക്കൽ, ഫലപ്രദമായ മാലിന്യ സംസ്ക്കരണ ഉപാധികളുടെ ഉപയോഗം എന്നിവയും യൂണിറ്റ് അംഗങ്ങളോട് ചോദിച്ചു മനസിലാക്കി. വെങ്ങാനൂരിലെ സമൃദ്ധി ബ്ളോസം ന്യൂട്രിമിക്സ് യൂണിറ്റും സംഘം സന്ദർശിച്ചു.
കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ സി നവീൻ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സുചിത്ര എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
