കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റികളില്‍ (സി.ഡി.എസ്) ചുമതലയേറ്റ പുതിയ ഭാരവാഹികള്‍ക്കുള്ള വിപുലമായ പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത്/നഗരസഭാ തലത്തിലുള്ള ഈ സി.ഡി.എസുകളിലെ ഭരണസമിതി അംഗങ്ങളുടെ കാര്യശേഷി വികസനം ലക്ഷ്യമിട്ട് ‘റിഥം 2026’ എന്ന പേരിലുള്ള പരിശീലന പരിപാടിയാണ് കുടുംബശ്രീ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ പരിശീലനത്തിന് നേതൃത്വം നല്‍കുന്ന പരിശീലകര്‍ക്കുള്ള ത്രിദിന പരിശീലനം (ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ്- ടി.ഒ.ടി) മാവേലിക്കരയില്‍ 25 മുതല്‍ 27 വരെ സംഘടിപ്പിച്ചു.
തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുമായുള്ള ഏകോപനം, പദ്ധതി ആസൂത്രണം, സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങീ ഒരു മാതൃകാ സി.ഡി.എസ് എന്ന നിലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് പ്രചോദനവും അവബോധവും സൃഷ്ടിക്കുകയാണ് ‘റിഥം 2026’ വഴി കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. സി.ഡി.എസ് ഭരണസമിതിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും പരിചയപ്പെടുത്തുന്നതിനും നേതൃപാടവവും ആശയവിനിമയശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സെഷനുകള്‍ക്ക് പുറമേ ഭരണനിര്‍വ്വഹണം, ഫിനാന്‍സ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിലും ക്ലാസ്സുകള്‍ നല്‍കും.
സംസ്ഥാനതലത്തില്‍ പരിശീലനം ലഭിക്കുന്നവര്‍ പിന്നീട് ജില്ലാതലത്തില്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം നല്‍കും. ഈ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാര്‍ സി.ഡി.എസ് ഭാരവാഹികള്‍ക്കും പരിശീലനം നല്‍കും.
മാവേലിക്കരയിലെ ത്രിദിന പരിശീലക പരിശീലന പരിപാടിക്ക് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍ കെ.യു, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി എന്നിവര്‍ നേതൃത്വം നല്‍കി. 125 സംസ്ഥാനതല പരിശീലകര്‍ ഈ പരിപാടിയുടെ ഭാഗമായി.
