തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന കലോത്സവം’അരങ്ങ്-2024′ ല്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ മത്സരാര്‍ത്ഥികള്‍ സമര്‍പ്പിക്കേണ്ട വിവിധ രേഖകളുടെ പരിശോധന ജൂണ്‍ 2,3 തീയതികളായി കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരിലെ തേജസ്വിനി റെസിഡന്‍സിയില്‍ നടക്കും. അയല്‍ക്കൂട്ട അംഗത്വ രജിസ്റ്ററിന്‍റെ കോപ്പി, മത്സരാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയ പാര്‍ട്ടിസിപ്പേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ഓക്സിലറി അംഗമാണെങ്കില്‍ സി.ഡി.എസിന്‍റെ സാക്ഷ്യപത്രം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാക്ഷ്യപ്പെടുത്തിയ മത്സര രജിസ്ട്രേഷന്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവയാണ് പരിശോധിക്കുക. ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രേഖകള്‍ പരിശോധനയ്ക്കെത്തിക്കുന്നത്.
ജൂണ്‍ 2-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെയും ജൂണ്‍ 3-ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെയും മത്സരാര്‍ത്ഥികളുടെ രേഖകളാണ് പരിശോധിക്കുക. കലോത്സവവുമായി ബന്ധപ്പെട്ട് രൂപീകരിച്ച രജിസ്ട്രേഷന്‍ കമ്മിറ്റിക്കാണ് രേഖകള്‍ പരിശോധിക്കാനുള്ള ചുമതല.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും 3-ന് പൂര്‍ത്തിയാകുന്നതോടെ കലോത്സവ ദിനങ്ങളിലെ തിരക്ക് ഒഴിവാക്കാനാകും. ഇത് മത്സരാര്‍ത്ഥികള്‍ക്കും സംഘാടകര്‍ക്കും ഒരു പോലെ സഹായകമാകും. കൂടാതെ നിശ്ചയിച്ച സമയത്ത് മത്സരങ്ങള്‍ ആരംഭിക്കാനും പൂര്‍ത്തിയാക്കാനും കഴിയുന്നതുവഴി ഫലപ്രഖ്യാപനവും വേഗത്തിലാക്കാന്‍ സാധിക്കും.
മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കലോത്സവത്തില്‍ സ്റ്റേജ്, സ്റ്റേജിതര ഇനങ്ങളിലായി അമ്പതോളം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 3500-ലേറെ വനിതകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
