മൃഗപരിപാലന മേഖലയിലെ കുടുംബശ്രീ കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വൈവിധ്യമാർന്ന കന്നുകാലി വികസന, മൃഗാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന കുടുംബശ്രീ ‘ജീവനം 2.0’ ക്യാമ്പയിന് കൊല്ലം ജില്ലയിൽ തുടക്കം കുറിച്ചു. തൊഴിൽ, വനിതാ ശിശുവികസന, മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ ജില്ലാതല ഉദ്ഘാടനം 21-06-2026നു നിർവഹിച്ചു.
മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വിവിധ ബാങ്കുകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലാണ് ജീവനം 2.0 ക്യാമ്പയിൻ ഫലപ്രദമായി ഏകോപിപ്പിക്കുന്നത്.
സി.ഡി.എസ്, ബ്ലോക്ക് തലങ്ങളിൽ മൃഗാരോഗ്യ സംരക്ഷണ ക്യാമ്പുകൾ, പ്രതിരോധ വാക്സിനേഷൻ ഡ്രൈവുകൾ, ഇൻഫെർട്ടിലിറ്റി കെയർ & മാസ്റ്റിറ്റിസ് ക്യാമ്പയിനുകൾ, ഡീവോർമിംഗ് & സാമ്പിൾ പരിശോധനകൾ, പ്രാദേശിക ആവശ്യകത അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ എന്നിവയും കർഷകരുടെ ആവശ്യാനുസരണം മറ്റ് പ്രസക്തമായ ക്ഷേമ ക്യാമ്പുകളും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.
കർഷകർക്ക് സാമ്പത്തിക സുരക്ഷയും കൃത്യമായ വായ്പാ സഹായങ്ങളും ലഭ്യമാക്കുന്നതിനായി വിവിധ ബാങ്കുകൾ ഈ ക്യാമ്പയിന്റെ ഭാഗമാകും. ക്യാമ്പയിന്റെ ഭാഗമായി, കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കൽ, കന്നുകാലികളുടെ ഇൻഷുറൻസ്, വായ്പകൾ എന്നിവ ലഭ്യമാക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ പ്രത്യേക വായ്പാ-ബോധവൽക്കരണ മേളകളുമുണ്ടാകും. പഞ്ചായത്ത്തലത്തിൽ അതത് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാർ, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ എന്നിവരാണ് ക്യാമ്പയിൻ പ്രവർത്തനങ്ങളെ കൃത്യമായി ഏകോപിപ്പിക്കുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന മൃഗസംരക്ഷണ പദ്ധതികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ 820 ലൈവ്സ്റ്റോക്ക് ക്ളസ്റ്റ്റുകൾ രൂപീകരിച്ചിട്ടുണ്ട്. നൂറു മുതൽ 250 വരെ കർഷകർ ഉൾപ്പെടുന്നതാണ് ഓരോ ക്ളസ്റ്റ്റും. ഉയർന്ന ഉൽപ്പാദന ക്ഷമത, കർഷകർക്ക് സുസ്ഥിര വരുമാന ലഭ്യത, ഉപജീവന സുരക്ഷ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതത് പഞ്ചായത്തുകളിലെ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെയും പാരാവെറ്ററിനറി ജീവനക്കാരുടെയും പൂർണ്ണ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി അധ്യക്ഷയായി. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. ഉദയാ സുകുമാരൻ ചടങ്ങിൽ സംസാരിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ (അനിമൽ ഹസ്ബൻഡറി) ദിലീപ്. എസ് പദ്ധതി വിശദീകരണവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ വിമൽ ചന്ദ്രൻ. ആർ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ജിനേഷ് ജി.റ്റി നന്ദിയും രേഖപ്പെടുത്തി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു. തുടർന്ന് ‘ലാഭകരമായ കന്നുകാലി വളർത്തൽ: ശാസ്ത്രീയ മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും’ എന്ന വിഷയത്തിൽ കുളത്തൂപ്പുഴ റീജിയണൽ സെമൻ ബാങ്ക് ഡെപ്യൂട്ടി മാനേജർ ഡോ. എബിൻ ബേബി മാത്യൂസ് കർഷകർക്കായി പരിശീലന ക്ലാസ് നയിച്ചു. മറ്റ് ജില്ലകളിലും വരും ദിനങ്ങളിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആരംഭിക്കും.
