കുടുംബശ്രീ ദേശീയ സരസ് മേളയ്‌ക്ക് കൊടിയിറങ്ങി

കോഴിക്കോട് ബീച്ചിൽ കുടുംബശ്രീ സംഘടിപ്പിച്ച പന്ത്രണ്ടാമത് ദേശീയ സരസ് മേളയ്ക്ക് പരിസമാപ്തി. 12 ദിനം നീണ്ടു നിന്ന മേളയിലേക്ക് ദിവസവും ഒഴുകിയെത്തിയ ജനസാഗരം സരസ് മേളയുടെ വിജയത്തിന്റെ നേർസാക്ഷ്യമായി.

ഉത്പന്ന വിപണന മേളയിൽ ഏറ്റവും മികച്ച സ്റ്റാളിനുള്ള പുരസ്‌ക്കാരം കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഹസ്ബി സ്‌പൈസസ് (ഇന്ദ്രനീലം അയൽക്കൂട്ടം), ഇതര സംസ്ഥാന വിഭാഗത്തിൽ ഗോവയിൽ നിന്നുള്ള ഹംസ ഡ്രൈ ഫ്‌ളവേഴ്‌സ് (ധനലക്ഷ്മി സ്വയം സഹായ സംഘം) എന്നീ യൂണിറ്റുകൾ നേടി. ഫുഡ് കോർട്ടിലെ മികച്ച ഫുഡ് സ്റ്റാൾ ആയി കോഴിക്കോട് ജില്ലയിൽ നിന്നുള്ള സ്നേഹിത യൂണിറ്റും ഇതര സംസ്ഥാന വിഭാഗത്തിൽ സിക്കിമിൽ നിന്നുള്ള സൻജോക്ക് സ്വയം സഹായ സംഘത്തിന്റെ ഫുഡ് സ്റ്റാളും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെമെന്റോയും കുടുംബശ്രീ ഗവേണിംഗ് ബോഡി എക്സിക്യൂട്ടീവ് അംഗം കെ. കെ ലതിക വിതരണം ചെയ്തു.

തദ്ദേശീയ വിഭാഗത്തിൽ അട്ടപ്പാടിയിൽ നിന്നുള്ള രുചിപ്പൂരം, കുളിമെയ് എന്നീ സ്റ്റാളുകൾക്കും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ എറണാകുളത്ത് നിന്നുള്ള ‘ലക്ഷ്യ’ ജ്യൂസ് , പാലക്കാട് നിന്നുള്ള ഒരുമ ജ്യൂസ് എന്നീ സ്റ്റാളുകൾക്കും പ്രത്യേക പുരസ്കാരം നൽകി.

64,000 ചതുരശ്ര അടിയിൽ പൂർണ്ണമായും ശീതീകരിച്ച പവലിയനിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ സംരംഭകർ തയാറാക്കിയ കരകൗശലവസ്തുക്കളും തുണിത്തരങ്ങളും ഭക്ഷ്യോത്പന്നങ്ങളുമുൾപ്പെടെ ലഭ്യമാക്കുന്ന 250 ഉത്പന്ന വിപണന സ്റ്റാളുകളും കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങളിലെ തനത് രുചിക്കൂട്ടുകളുടെ സംഗമമായ 50 സ്റ്റാളുകളടങ്ങിയ ഇന്ത്യ ഫുഡ്‌കോർട്ടുമാണ് സന്ദർശകർക്കായി ഒരുക്കിയിരുന്നത്.

ഇതര സംസ്ഥാനങ്ങളുടെ 60 ഉത്പന്ന വിപണന സ്റ്റാളുകളും സരസ് മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. എം.എൽ.എ മാരായ കെ. എം. സച്ചിൻദേവ് , അഹമ്മദ് ദേവർകോവിൽ, വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി എന്നിവർ സമാപന ദിനത്തിൽ മേളയുടെ ഭാഗമാകാൻ എത്തിയിരുന്നു.