കുടുംബശ്രീ ‘നയീചേതന 4.0 ഉയരെ’ രംഗശ്രീ കലാജാഥയ്ക്ക് പരിസമാപ്തി

കുടുംബശ്രീ ‘നയീചേതന 4.0 – ഉയരെ’ ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി രംഗശ്രീ കലാകാരികള്‍ അണിനിരന്ന സംസ്ഥാനതല കലാജാഥ കാസര്‍ഗോഡ് ജില്ലയില്‍ പരിസമാപിച്ചു. ജനുവരി 20ന് തിരുവനന്തപുരത്ത് തുടക്കമായ കലാജാഥയുടെ ഭാഗമായി കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയുടെ സംസ്ഥാന കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായ വനിതകളാണ് തെരുവുനാടകങ്ങള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ എല്ലാ ജില്ലകളിലും അവതരിപ്പിച്ചത്. ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭ്യമാകുന്ന വിവിധ പിന്തുണാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ബോധവത്ക്കരണം കലാജാഥയിലൂടെ നടത്തുകയായിരുന്നു അവര്‍.

തുല്യതയ്ക്കായുള്ള സ്ത്രീസമൂഹത്തിന്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറിയ കലാജാഥയുടെ സമാപന സമ്മേളനം 03-02-2026 ന്  കാസര്‍ഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്‍ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ. സൈനബ, ചലച്ചിത്രതാരങ്ങളായ സ്‌നേഹ ശ്രീകുമാര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നു. ജില്ലയിലെ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാരെയും രംഗശ്രീ അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി. പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. ചന്ദ്രമതി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.കെ. ഹരിദാസ്, എന്‍. രവീന്ദ്രന്‍, ഹേമാംബിക, മെമ്പര്‍ വി.എം. കുമാരന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. മനു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് സ്വാഗതവും അസിസ്റ്റന്റ് ജില്ലാമിഷന്‍  കോര്‍ഡിനേറ്റര്‍ കിഷോര്‍കുമാര്‍ നന്ദിയും പറഞ്ഞു. 2026 ജനുവരി ഒന്നിനാണ് ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്‍ നയീചേതന 4.0-യും, ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം എന്ന ആപ്തവാക്യത്തോടെ നടപ്പിലാക്കുന്ന ‘ഉയരെ’ ക്യാമ്പയിനും കുടുംബശ്രീ സംസ്ഥാനത്ത് സംഘടിപ്പിച്ച് തുടങ്ങിയത്.