കുടുംബശ്രീ ബാലസഭാംഗങ്ങൾക്കായി ‘ലിയോറ’ ക്യാമ്പ്

കുടുംബശ്രീ ‘ലിയോറ’ ജില്ലാതല ക്യാമ്പുകളിൽ നിന്നും തിരഞ്ഞെടുത്ത 150 കുട്ടികൾക്കായി 29,30 തീയതികളിൽ നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്റ്റിൽ സംസ്ഥാനതല ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കും. 29ന് നടത്തുന്ന വിഷയാവതരണ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന 21 കുട്ടികൾക്ക് 2026 ജനുവരി 17,18 തീയതികളിലായി എറണാകുളം കളമശ്ശേരി കേരള സ്റ്റാർട്ടപ് മിഷൻ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഇന്നൊവേഷൻ കോൺക്ളേവിലെ പ്രധാന വേദിയിലും ബക്കിയുള്ള 129 കുട്ടികൾക്ക് കോൺക്ളേവിലെ മറ്റു വേദികളിലും ആശയാവതരണം നടത്താനുള്ള അവസരം ലഭിക്കും. ഇതിനു മുന്നോടിയായിട്ടാണ് 30ന് വിവിധ മേഖലകളിലെ അക്കാദമിക് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്.

കുടുംബശ്രീ ബാലസഭയിലെ അംഗങ്ങളായ കുട്ടികൾക്ക് അറിവിനും സർഗാത്മകതയ്ക്കുമൊപ്പം സംരംഭകത്വത്തിന്റെ നൂതന പാഠങ്ങൾ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ആരംഭിച്ച ‘മൈൻഡ് ബ്ളോവേഴ്സ്’ ക്യാമ്പയിന്റെ തുടർച്ചയാണ് ‘ലിയോറ’ ക്യാമ്പ്.

പരിശീലനത്തിന്റെ ആദ്യ ദിനമായ 29ന്  കല, സാങ്കേതിക വിദ്യ, സംസ്ക്കാരം, ആശയ വിനിമയം, കൃഷി, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, ഉപജീവനം, മാലിന്യ സംസ്ക്കരണം, ലിംഗനീതി, സാമൂഹിക ഉൾച്ചേർക്കൽ, ജീവിത നൈപുണ്യം, ആരോഗ്യം, ശാസ്ത്രം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലാണ് കുട്ടികൾ അവതരണം നടത്തുക. ഇതിനായി കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് ഓരോ ഗ്രൂപ്പിനും വിവിധ വിഷയങ്ങളും നൽകും. ഈ വിഷയങ്ങളെ അടിസ്ഥാനമാക്കി ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച രീതിയിൽ ആശയാവതരണം നടത്തുന്ന 21 കുട്ടികളെ തിരഞ്ഞെടുക്കും. ഇവരായിരിക്കും സംസ്ഥാനതല ഇന്നൊവേഷൻ കോൺക്ളേവിലെ പ്രധാന വേദിയിൽ ആശയാവതരണം നടത്തുക. ഇവരെ കൂടാതെ ലിയോറ ക്യാമ്പിൽ പങ്കെടുക്കുന്ന ബാക്കി 129 കുട്ടികൾക്കും സംസ്ഥാനതല ഇന്നൊവേഷൻ കോൺക്ളേവിലും പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

കുട്ടികൾക്കിടയിൽ ലഹരി വ്യാപകമായ സാഹചര്യത്തിൽ ഓരോ കുട്ടിയുടെയും വ്യത്യസ്ത മേഖലകളിലുള്ള  അഭിരുചികൾ കണ്ടെത്തി വിജ്ഞാനവും നൈസർഗിക വാസനകളും നൽകുന്ന സന്തോഷമാണ് യഥാർത്ഥ ലഹരിയെന്ന ബോധ്യം നേടാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. ഇതിനായി കുട്ടികൾക്ക് നേതൃശേഷിയും ആശയവിനിമയ പാടവവും സർഗാത്മകതയും ലഭ്യമാക്കുന്ന വിവിധ പരിശീലനങ്ങൾ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ലഭ്യമാക്കി വരികയാണ്.