കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് ഡെവലപ്മെന്‍റ് സ്കീം: ഒന്നര വര്‍ഷത്തിനുള്ളില്‍ പത്തു ബ്ളോക്കുകളിലായി  2273 സംരംഭങ്ങള്‍

കാര്‍ഷികേതര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ അംഗങ്ങളെയും സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കിയ മൈക്രോ എന്‍റര്‍പ്രൈസ് ഡെവലപ്മെന്‍റ് സ്കീമിന് വിജയം. തിരഞ്ഞെടുത്ത പത്തു ബ്ളോക്കുകളില്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ 2000 സംരംഭങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നു സ്കീമിന്‍റെ ലക്ഷ്യം. കാലാവധിക്കുള്ളില്‍ 358 ഗ്രൂപ്പ് സംരംഭങ്ങളും 1915 വ്യക്തിഗത സംരംഭങ്ങളും ഉള്‍പ്പെടെ 2273 സംരംഭങ്ങള്‍ രൂപീകരിച്ചുകൊണ്ടാണ് സ്കീം പൂര്‍ത്തിയായത്. ഇതുവഴി 3357 വനിതകള്‍ക്ക് സ്വന്തമായി തൊഴില്‍ കണ്ടെത്താനും പദ്ധതി സഹായകമായി.  

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയഗ്രാമീണ ഉപജീവന ദൗത്യം- പദ്ധതി(എന്‍.ആര്‍.എല്‍.എം)യുടെ ഭാഗമായാണ് മൈക്രോ എന്‍റര്‍പ്രൈസ് ഡെവലപ്മെന്‍റ് സ്കീം നടപ്പാക്കിയത്. ഇതിന്‍റെ ഭാഗമായി സംരംഭ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഓരോ ബ്ളോക്കിലും പത്ത് മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റ്മാരെ വീതം തിരഞ്ഞെടുത്തിരുന്നു. ഇവര്‍ മുഖേന സ്വയംതൊഴില്‍ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള വനിതകളെ കണ്ടെത്തി അവര്‍ക്ക് വിവിധ തൊഴില്‍ നൈപുണ്യ പരിശീലനങ്ങളും സാമ്പത്തിക പിന്തുണയും ലഭ്യമാക്കി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്ത ഓരോ ബ്ളോക്കിനും ഇരുപത് ലക്ഷം രൂപവീതം എന്‍.ആര്‍.എല്‍.എം ഫണ്ടും നല്‍കിയിരുന്നു.