കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട വനിതകൾക്കായി സംഘടിപ്പിച്ച ‘സർഗ്ഗം’ സംസ്ഥാനതല ചെറുകഥാരചനാ മത്സരത്തിൽ തൃശൂർ ഗുരുവായൂർ സ്വദേശിനി മനീഷ എം. മോഹന് ഒന്നാം സ്ഥാനം. ‘തൊണ്ട്’ എന്ന കഥയാണ് ഒന്നാം സമ്മാനർഹമായത്. ഗുരുവായൂർ സി.ഡി.എസ് ഇരുപത്തിയാറാം വാർഡിലെ ചിറക് അയൽക്കൂട്ട അംഗമാണ്. ഇടുക്കി ജില്ലയിലെ മുനിയറ സ്വദേശിനിയും ഉദയശ്രീ അയൽക്കൂട്ട അംഗവുമായ സിന്ധു തോമസ് രചിച്ച ‘ഉറാറ’ എന്ന കഥയ്ക്കാണ് രണ്ടാം സ്ഥാനം. ‘മരിപ്പ്മണം’ എന്ന കഥ രചിച്ച കണ്ണൂർ ഏഴിലോട് സ്വദേശിനിയും ഉന്നതി അയൽക്കൂട്ട അംഗവുമായ പി.പി. ഷീബയ്ക്കാണ് മൂന്നാം സ്ഥാനം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാർഡ് ലഭിക്കും.
‘ഉടലുരുക്കം’ എന്ന കഥ രചിച്ച കാസർകോട് പടന്നക്കടപ്പുറം സ്വദേശിനിയും തീരം അയൽക്കൂട്ട അംഗവുമായ മൈമൂന ഹനി, ‘കനലെരിയും മഞ്ഞിൽ’ എന്ന കഥ രചിച്ച ഇടുക്കി ജില്ലയിലെ കട്ടപ്പന അമ്പലക്കവല സ്വദേശിനിയും അഞ്ജനം അയൽക്കൂട്ട അംഗവുമായ രജനി സലി, ‘ജെയ്ൻ ഡോ’ എന്ന കഥ രചിച്ച കോട്ടയം പാലാ സ്വദേശിനിയും അമല അയൽക്കൂട്ട അംഗവുമായ അനുജ ബൈജു എന്നിവർക്കാണ് പ്രോത്സാഹന സമ്മാനം. മൂന്നു പേർക്കും 2500 രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിക്കും. എല്ലാ വിജയികൾക്കും ക്യാഷ് അവാർഡിനൊപ്പം മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.
കുടുംബശ്രീ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി 2025 ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 23 വരെ സംഘടിപ്പിച്ച മത്സരത്തിൽ ഇരുന്നൂറിലേറെ രചനകളാണ് ലഭിച്ചത്. കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിലെ മലയാള വിഭാഗം അധ്യാപകർ നടത്തിയ പ്രാഥമിക മൂല്യനിർണയത്തിനു ശേഷം കെ.എ. ബീന, റോസ്മേരി, സലിൽ മാങ്കുഴി എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
