കെ-ടാപ് : 12 മുന്‍നിര കാര്‍ഷിക സാങ്കേതിക വിദ്യകള്‍ക്കായി കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ – കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും ധാരണാപത്രത്തില്‍ ഒപ്പിട്ടു

കിഴങ്ങുവര്‍ഗ്ഗ കൃഷിയിലെ 12 മുന്‍നിര സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ – കേന്ദ്ര കിഴുങ്ങുവിള ഗവേഷണ കേന്ദ്രവും (ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ) ഒപ്പിട്ടു. തിരുവനന്തപുരം ശ്രീകാര്യത്ത് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ ഇന്നലെ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീയ്ക്കായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസും ഐ.സി.എ.ആര്‍ – സി.ടി.സി.ആര്‍.ഐയ്ക്ക് വേണ്ടി ഡയറക്ടര്‍ ഡോ. ജി. ബൈജുവുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

കുടുംബശ്രീയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ നിന്ന് ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് അയല്‍ക്കൂട്ടാംഗങ്ങളെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയിലൂന്നിയ കൃഷി രീതികളിലേക്കും സുസ്ഥിര വരുമാന ലഭ്യതയിലേക്കും നയിക്കുന്നതിനായി തയാറാക്കിയിരിക്കുന്ന കെ-ടാപ് (കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം)ന്റെ ഭാഗമായി സാങ്കേതിക വിദ്യകള്‍ കൈമാറുന്നതിനുള്ള ആദ്യ ധാരണാപത്രമാണിത്. ഇത് പ്രകാരം കിഴങ്ങുവിളകളില്‍ നിന്നുള്ള മൂല്യവര്‍ദ്ധനവും ഭക്ഷ്യ സംസ്‌ക്കരണവും കേന്ദ്രീകരിച്ചുള്ള 12 സാങ്കേതിക വിദ്യകള്‍ കുടുംബശ്രീക്ക് ലഭിക്കും. കപ്പ, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് കുക്കീസ്, കുല്‍ഫി, മഫിന്‍സ്, സ്‌നാക്കസ്, പാസ്ത, ജെല്ലി തുടങ്ങിയ വിവിധ വിഭവങ്ങള്‍ തയാറാക്കുന്നതിനുള്ള സാങ്കേതിക വിദ്യകളാണ് നല്‍കുക.

വരും ആഴ്ചകളില്‍ ഇന്ത്യയിലെ മറ്റ് ഏഴ് പ്രമുഖ കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് കൂടി സാങ്കേതിക വിദ്യകള്‍ വാങ്ങി ആകെ 180 സാങ്കേതിക വിദ്യകളടങ്ങുന്ന വിദ്യാശേഖരം തയാറാക്കി ഇത് ഉപയോഗപ്പെടുത്തിയുള്ള ഉത്പന്നങ്ങള്‍ ഓണത്തോടെ പുറത്തിറക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് മുഖ്യപ്രഭാഷണത്തില്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യകളില്‍ ഊന്നിയുള്ള പരിശീലനം നല്‍കുന്ന പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും.

കൃഷിയിലും അനുബന്ധ മേഖലകളിലും നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ ഉത്പാദനം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണം, സംസ്‌ക്കരണം, വിപണനം തുടങ്ങീ കൃഷിയുടെ സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിച്ചു കൊണ്ട് വനിതകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കെ-ടാപ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ കുടുംബശ്രീക്ക് കീഴിലുള്ള 94,594 കര്‍ഷക സംഘങ്ങളിലെ 4,32,667 വനിതകള്‍ സംസ്ഥാനമൊട്ടാകെ 20,000ത്തിലേറെ ഹെക്ടറില്‍ വിവിധ കൃഷികള്‍ ചെയ്തുവരുന്നു.

പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍, കാര്‍ഷിക സംരംഭങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവയുമുണ്ട്. ഈ വനിതാ കര്‍ഷകരുടെ ഉപജീവന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ കെ-ടാപ് സാങ്കേതിക വിദ്യാശേഖരം ഉപയോഗപ്പെടുത്തും. കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌ക്കരണം, ചെറുധാന്യങ്ങളുടെ മൂല്യവര്‍ധനവ്, ജൈവ ഉത്പാദന രീതികള്‍, സ്മാര്‍ട്ട് ഫാമിങ്ങ്, പരിസ്ഥിതി സൗഹൃദ പാക്കേജിങ്ങ്, ബ്രാന്‍ഡിങ്ങ്, ലൈസന്‍സ് ലഭ്യമാക്കല്‍ എന്നിവയ്‌ക്കെല്ലാം ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതോടുകൂടി നിലവിലുളള സംരംഭങ്ങളുടെ വിപുലീകരണവും വരുമാനവര്‍ദ്ധനവുമുണ്ടാകും.

ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ ഐ.സി.എ.ആര്‍ – സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. ജി. ബൈജു അധ്യക്ഷനായി. കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ടുള്ള പരിപാടികളെല്ലാം ഫലപ്രദമായി താഴേത്തട്ടിലേക്ക് എത്തി വിജയകരമായി തീരുമെന്ന് ഉറപ്പാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ്. ജി, ഡോ. എം.എസ്. സജീവ് (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, ഐ.സി.എ.ആര്‍ – സി.ടി.സി.ആര്‍.ഐ) എന്നിവര്‍ സംസാരിച്ചു. ഡോ. പി.എസ്. ശിവകുമാര്‍ (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, ഐ.സി.എ.ആര്‍ – സി.ടി.സി.ആര്‍.ഐ) സ്വാഗതവും ഡോ. ടി. കൃഷ്ണകുമാര്‍ (സയന്റിസ്റ്റ്, ഐ.സി.എ.ആര്‍ – സി.ടി.സി.ആര്‍.ഐ) നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷന്‍, ഐ.സി.എ.ആര്‍ – സി.ടി.സി.ആര്‍.ഐ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.