‘കർക്കിടകത്തിലെ ആരോഗ്യം’ – കുടുംബശ്രീ സംസ്ഥാന മിഷൻ ജീവനക്കാർക്കായി അവബോധ ശിൽപശാല

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന മിഷൻ ജീവനക്കാർക്കായി ‘ആരോഗ്യ കർക്കിടകം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അവബോധ ശിൽപശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്തു.

കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ ദിനചര്യകൾ, ആഹാരക്രമം, കൂടാതെ ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഇലക്കറികൾ എന്നിവയുടെ പോഷക മൂല്യങ്ങൾ എന്നിവ സംബന്ധിച്ച് മാർത്താണ്ഡം മരിയ ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ അസോസിയേറ്റ് പ്രൊഫസറും വകുപ്പു മേധാവിയുമായ ഡോ. അനുപ ശിവപാൽ ക്ളാസ് നയിച്ചു. കുട്ടികൾ, മുതിർന്നവർ എന്നിവർ ഉൾപ്പെടെ കർക്കിടകത്തിൽ കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ചും ക്ളാസിൽ വിശദീകരിച്ചു.  

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ കീഴിലുളള എഫ്.എൻ.എച്ച്.ഡബ്ളിയു പദ്ധതി, മാർക്കറ്റിങ്ങ് വിഭാഗം എന്നിവയുടെ നേതൃത്വത്തിലാണ് ക്ളാസ് സംഘടിപ്പിച്ചത്. ക്ളാസിനു ശേഷം കർക്കിടക കഞ്ഞിയും പത്തിലതോരനും വിതരണം ചെയ്തു.

‘കർക്കിടകത്തിലെ ആരോഗ്യം’ എന്ന വിഷയത്തിൽ കുടുംബശ്രീ ജില്ലാമിഷനുകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും അവബോധ ക്ളാസുകൾ സംഘടിപ്പിക്കുന്നുണ്ട്.