ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ കുടുംബശ്രീ സരസ് മേളയ്ക്കെത്തുന്ന ഓരോരുത്തരും ഒന്നാകെ പറയുന്നു ഇത് ജനകീയ മേളയെന്ന്. മേള തുടങ്ങിയ അന്ന് മുതൽ ജനപ്രീതി വർദ്ധിക്കുകയാണ്. കലാസ്വാദകരുടെയും ഭക്ഷണ പ്രിയരുടെയും സംരംഭകരുടെയും പ്രിയ മേളയാകാൻ രണ്ടുദിനം കൊണ്ട് സരസ് മേളയ്ക്ക് കഴിഞ്ഞു. അവധിദിനം ആഘോഷിക്കാൻ ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് സരസിലേക്ക് ഒഴുകിയെത്തിയത്.
‘പുതിയ കാലം പുതിയ തൊഴിൽ’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറോടെയാണ് മൂന്നാം ദിനം ഉണർന്നത്. വേദി 2- അമ്മു സ്വാമിനാഥനിൽ നടന്ന സെമിനാറിൽ സ്വന്തം കഴിവുകളെയും വ്യക്തിത്വത്തെയും ശരിയായ രീതിയിൽ മാർക്കറ്റ് ചെയ്യാൻ ഉദ്യോഗാർത്ഥികൾക്ക് സാധിക്കണമെന്ന ആശയം പ്രശസ്ത കരിയർ മെന്ററും ലൈഫോളജി സി.ഇ.ഒ.യുമായ പ്രവീൺ പരമേശ്വർ മുന്നോട്ടുവച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. സ്റ്റാളിനോട് ചേർന്ന തുറന്ന വേദിയിൽ അവതരിപ്പിച്ച കളരിപ്പയറ്റ്, വീരനാട്യം, തുടങ്ങിയ കലാപരിപാടികൾക്കും വൻ ജനാവലിയായിരുന്നു.
പതിവുപോലെ ഇന്നലെയും (ഡിസം.4) മെഗാ ഫുഡ് കോർട്ടിലെ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ആലപ്പുഴ വരാൽ കറി കപ്പ, ചെമ്മീൻ ഫ്രൈ, കക്ക ഫ്രൈ ഞൊടിയിടയിൽ കാലിയായി. ഫുഡ് കോർട്ടിലെ മാസ്റ്റർ ഷെഫ് സുരേഷ് പിള്ള പങ്കെടുത്ത പാചക വിദഗ്ധരുടെ ഷോ ജനങ്ങൾക്കും ഏറെ ഉപകാരപ്രദമായി.
പ്രധാന വേദിയിൽ നടന്ന സാംസ്കാരിക സമ്മേളനം ആദര സന്ധ്യ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.
സദസിനെ ഇളക്കി മറിച്ച് റിമി ടോമി
റിമി ടോമി ലൈവ് കലാസന്ധ്യ ജനഹൃദയങ്ങൾ കീഴടക്കി. കണ്മണി അന്‍പോട് കാതലന്‍, ഇളയരാജയുടെ സൂപ്പർഹിറ്റ് ഗാനം മനിതർ ഉണർന്തുകൊള്ള, പുഷ്പയിലെ ഊ ആണ്ട വാമവാ തുടങ്ങി തമിഴ്, ഹിന്ദി ഹിറ്റ് ഗാനങ്ങൾ ആലപിച്ചുകൊണ്ട് സദസിനെ അക്ഷരാർഥത്തിൽ ഇളക്കി മറിച്ചു. ഹിറ്റ് ഗാനങ്ങൾക്കൊപ്പം കാണികൾക്ക് ആടി തിമിർക്കാനുള്ള അവസരം കൂടി ഒരുക്കിയ കലാസന്ധ്യയാണ് റിമി ടോമി സരസ് മേളയ്ക്ക് സമ്മാനിച്ചത്.
