ജനോപകാരപ്രദവും കാര്യക്ഷമവുമായ ഭരണ സേവന സംവിധാനം: 167 കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കൂടി ഐ.എസ്.ഓ അംഗീകാരം

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 167 സി.ഡി.എസുകള്‍ക്ക് കൂടി ഐ.എസ്.ഓ (ഇന്‍റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍) സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം. സി.ഡി.എസുകളുടെ പ്രവര്‍ത്തന സംവിധാനങ്ങളില്‍ കാര്യക്ഷമതയും സമ്പൂര്‍ണ ഗുണമേന്‍മ ഉറപ്പു വരുത്തിക്കൊണ്ട് അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കിയതിനാണിത്.

സ്ഥാപനത്തില്‍ ക്വാളിറ്റി മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഓ 9001-2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. സി.ഡി.എസുകള്‍ക്ക് ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 2025-ല്‍ നടത്തിയ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളില്‍   617 സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ അംഗീകാരം ലഭിച്ചിരുന്നു. ബാക്കിയുള്ള 453 സി.ഡി.എസുകളെ ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി നടത്തിയ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ഇപ്പോള്‍ 167 സി.ഡി.എസുകള്‍ കൂടി ഈ നേട്ടം കൈവരിച്ചത്.

രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളിലൂടെ പത്തനംതിട്ട(58), വയനാട്, കോഴിക്കോട്(82), കണ്ണൂര്‍(81) ജില്ലകളിലെ  എല്ലാ സി.ഡി.എസുകളും സര്‍ട്ടിഫിക്കേഷന്‍ നേടി നൂറ് ശതമാനം നേട്ടം കൈവരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 33-ല്‍ 32 സി.ഡി.എസുകളും സര്‍ട്ടിഫിക്കേഷന്‍ നേടി. വയനാട് ജില്ലയിലെ  ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്നലെ(13-7-2026) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു. വയനാട് മുട്ടില്‍ എം.ആര്‍ ഓഡിറ്റോറിയത്തില്‍ കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്കു വേണ്ടി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. മാതൃകാപരമായ പ്രവര്‍ത്തനമികവിന് സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ചതും വയനാട് ജില്ലയിലെ വേങ്ങപ്പള്ളി സി.ഡി.എസിനായിരുന്നു.  ആദ്യഘട്ടത്തില്‍ തന്നെ എല്ലാ സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ അംഗീകാരം നേടിയ ജില്ല കൊല്ലമാണ്. ഇവിടെ 74 സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

കാര്യക്ഷമതയും ഗുണനിലവാരവുമുള്ള ഓഫീസ് സംവിധാനം, സര്‍ക്കാര്‍ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം, സി.ഡി.എസുകള്‍ മുഖേന നല്‍കുന്ന സേവനങ്ങളുടെ  മികവ്,  ഉയര്‍ന്ന പശ്ചാത്തല സൗകര്യങ്ങളോടു കൂടിയ സുസ്ഥിരവും സമഗ്രവുമായ ഓഫീസ് മികവ് എന്നിവ കൈവരിച്ചു കൊണ്ടാണ് സി.ഡി.എസുകള്‍ ഐ.എസ്.ഓ അംഗീകാരം നേടിയത്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, വയോജനങ്ങള്‍, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കുള്ള സേവനങ്ങളും  ലഭ്യമാക്കി. ഗുണമേന്‍മാ നയരൂപീകരണം, സി.ഡി.എസ് ഓഫീസിലെ സാമ്പത്തിക ഇടപാടുകളുടെയും രജിസ്റ്ററുകളുടെ സൂക്ഷിപ്പിലെയും കൃത്യത, ഇവയുടെ ശാസ്ത്രീയമായ പരിപാലനം, അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍, ഫണ്ടുകളുടെ വിനിയോഗം, കൃത്യമായ അക്കൗണ്ടിങ്ങ് സിസ്റ്റം, കാര്യക്ഷമമായ ഓഡിറ്റിങ്ങ് സംവിധാനം, കുടുംബശ്രീയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിലെ കൃത്യത, സി.ഡി.എസുകള്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയിലടക്കം കൈവരിച്ച മികവ് പരിഗണിച്ചാണ് സി.ഡി.എസുകള്‍ക്ക് അംഗീകാരം.

ഫയല്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും  കിലയുടെയും അതത് പഞ്ചായത്ത് ഭരണസമിതിയുടെയും പൂര്‍ണ പിന്തുണയും സി.ഡി.എസുകള്‍ക്ക് ലഭിക്കുന്നുണ്ട്.

കുടുംബശ്രീയുടെ ഭരണ സേവന സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുത്യാര്യവും ജനസൗഹൃദവുമാക്കുന്നതിനൊപ്പം, പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും സേവന വിതരണത്തില്‍ ഏകീകൃത ഗുണനിലവാരം ഉറപ്പാക്കുന്നതിനും സര്‍ട്ടിഫിക്കേഷന്‍ സഹായകമാകും. മൂന്നു വര്‍ഷമാണ് ഒരു സര്‍ട്ടിഫിക്കേഷന്‍റെ കാലാവധി.