കുടുംബശ്രീ സംസ്ഥാന മിഷനിലെ ജീവനക്കാർക്കായി ആരോഗ്യകരമായ ജീവിതശൈലിയും യോഗയുടെ പ്രാധാന്യവും പ്രമേയമാക്കി കർക്കടകാചരണം സംഘടിപ്പിച്ചു. ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബശ്രീ ഡയറക്ടർ സിന്ധു കെ.പി. പരിപാടി ഉദ്ഘാടനം ചെയ്തു. ചീഫ് ഫിനാൻസ് ഓഫീസർ അജയ കുമാർ കെ.എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയശ്രീ ടി.വി എന്നിവർ പങ്കെടുത്തു.
‘ലൈഫ് സ്റ്റൈൽ ആൻഡ് ഹെൽത്ത്’ വിഷയത്തിൽ ചെട്ടിവിളാകം സർക്കാർ ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് കെ.ജി. ക്ലാസെടുത്തു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ആരോഗ്യകരമായ ദിനചര്യയും ഭക്ഷണക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. തുടർന്ന് വട്ടിയൂർക്കാവ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ യോഗ ഇൻസ്ട്രക്ടർ ഡോ. ലക്ഷ്മി പി.ബി. ‘ഓഫീസ് യോഗ – ഒരു പ്രായോഗിക സമീപനം’ എന്ന വിഷയത്തിൽ പരിശീലനം നൽകി. ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ എളുപ്പത്തിൽ ചെയ്യാവുന്ന യോഗാഭ്യാസങ്ങളും ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമമുറകളും ജീവനക്കാർക്ക് പരിചയപ്പെടുത്തി. പരിപാടിയുടെ ഭാഗമായി ജീവനക്കാർക്ക് യോഗ പരിശീലനവും സംഘടിപ്പിച്ചു.
കർക്കടക മാസാചരണത്തിന്റെ ഭാഗമായി പരമ്പരാഗത വിഭവങ്ങളായ കർക്കടക കഞ്ഞിയും പത്തില തോരനും വിതരണം ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
