ടി.ബി മുക്ത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ കുടുംബശ്രീയും – സംസ്ഥാനമിഷന്‍ ഉദ്യോഗസ്ഥര്‍ക്കായി സ്റ്റേറ്റ് ടി.ബി.സെല്ലിന്‍റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിശീലനം നടത്തി

സംസ്ഥാനത്തെ ‘ടി.ബി മുക്ത കേരളം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നൂറു ദിന തീവ്രയജ്ഞത്തിന്‍റെ ഭാഗമായി സ്റ്റേറ്റ് ടി.ബി സെല്ലിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ സംസ്ഥാനമിഷനിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ഫുഡ്, ന്യൂട്രീഷന്‍, ഹെല്‍ത്ത്, വാഷ്-സാനിട്ടേഷന്‍ എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കിയത്. ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ക്ഷയരോഗത്തിന്‍റെ ലക്ഷണങ്ങള്‍, രോഗവ്യാപനത്തിനുള്ള സാഹചര്യങ്ങള്‍, രോഗനിര്‍ണയത്തിനുള്ള പരിശോധനകള്‍, ചികിത്സാ സംവിധാനങ്ങള്‍, പോഷകാഹാരത്തിന്‍റെ പ്രാധാന്യം, സാമൂഹ്യതല ബോധവല്‍ക്കരണത്തിന്‍റെ ആവശ്യകത എന്നിവയെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും സ്റ്റേറ്റ് ടി.ബി സെല്‍ ഓഫീസറുമായ ഡോ.സക്കീന കെ ക്ളാസ് നയിച്ചു. രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാനും രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ പരിശോധനയും ചികിത്സയും ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും പരിശീലനത്തില്‍ ഊന്നിപ്പറഞ്ഞു. നിക്ഷയ് മിത്ര കണ്‍സള്‍ട്ടന്‍റ് എലിസബത്ത് ടി.ബി.മുക്ത്ഭാരത് മൊബൈല്‍ ആപ്ളിക്കേഷന്‍ പരിചയപ്പെടുത്തി.

ടി.ബി മുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനായി സമൂഹത്തില്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുമെന്നും ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പ്രതിജ്ഞയെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ്  പ്രോഗ്രാം മാനേജര്‍ കൃഷ്ണകുമാരി ആര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംവിധാനങ്ങളിലൂടെ ക്ഷയരോഗ പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാനും രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നടപ്പാക്കുന്ന ക്യാമ്പയിനാണ് ടി.ബി മുക്ത കേരളം. കൂടുതല്‍ ഫലപ്രദമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതില്‍ കുടുംബശ്രീയ്ക്ക് നിര്‍ണായക പങ്കു വഹിക്കാനാകുമെന്നാണ് പ്രതീക്ഷ.  

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു സ്വാഗതം പറഞ്ഞു. കുടുംബശ്രീ ഡയറക്ടര്‍ സിന്ധു കെ.പി, ചീഫ് ഫിനാന്‍സ് ഓഫീസര്‍ അജയകുമാര്‍ കെ.എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയശ്രീ ടി.വി, പി.ആര്‍.ഓ ബി സേതുരാജ്, അക്കൗണ്ട്സ് ഓഫീസര്‍ ജയറാം ടി എന്നിവര്‍ ഉള്‍പ്പെടെ സംസ്ഥാനമിഷനിലെ ഉദ്യോഗസ്ഥര്‍, പബ്ളിക് ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍റ് അരുണ്‍രാജ് എന്നിവര്‍ പങ്കെടുത്തു.