തദ്ദേശീയ സമൂഹത്തിന്റെ നേര്കാഴ്ചകള് ഒപ്പിയെടുത്ത ഹ്രസ്വ ചലച്ചിത്രങ്ങളുമായി കുടുംബശ്രീയുടെ ‘കനസ് ജാഗ’ ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു. എറണാകുളം സെന്റ്തെരേസാസ് കോളേജില്‍ ആരംഭിച്ച ഹ്രസ്വചലച്ചിത്ര മേളയുടെ ആദ്യ ദിനം കരുത്തുറ്റ പ്രമേയങ്ങളുടെ ദൃശ്യാവിഷ്ക്കാരം കൊണ്ടു ശ്രദ്ധേയമായി. തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഹ്രസ്വചലച്ചിത്ര മേള ഓണ്നാലായി ഉദ്ഘാടനം ചെയ്തു. അഡ്വ.പി.വി ശ്രീനിജന് എം.എല്‍.എ,അധ്യക്ഷത വഹിച്ചു.
തദ്ദേശീയ സമൂഹത്തിലെ കുട്ടികളുടെ നേതൃത്വത്തില്‍ ഹ്രസ്വ ചലച്ചിത്ര മേള സംഘടിപ്പിച്ചു കൊണ്ട് അവരുടെ സമഗ്ര വികാസത്തിനായി കുടുംബശ്രീ നടത്തുന്ന സാംസ്കാരിക ഇടപെടല്‍ വലിയ വിജയമായി വിലയിരുത്തപ്പെടുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സമൂഹത്തിലെ പല ശ്രദ്ധേയമായ വിഷയങ്ങളെയും സ്പര്ശിക്കുന്നവയാണ് ഹ്രസ്വചലച്ചിത്ര മേളയിലെ ഓരോ ചിത്രങ്ങളും. തദ്ദേശീയമേഖലയിലെ കുട്ടികളുടെ നേതൃത്വത്തില്‍ ഹ്രസ്വ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതും ചലച്ചിത്ര മേള നടത്തുന്നതും ഇന്‍ഡ്യയില്‍ തന്നെ ആദ്യമാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും അതിന്റെ പ്രത്യാഘാതങ്ങളും, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സ്വീകരിച്ച പ്രമേയങ്ങളെല്ലാം ഏറെ പ്രസക്തമാണ്. കുടുംബശ്രീ നടത്തുന്ന അഭിമാനകരമായ ഇടപെടലുകളില്‍ ഏറ്റവും നവീനമായ ഒന്നാണ് ഇപ്പോള്‍ സംഘടിപ്പിക്കുന്ന ഹ്രസ്വചലച്ചിത്രമേള. ഇത്തരമൊരു നൂതനാശയം നടത്താന്‍ മുന്‍കൈയെടുത്ത കുടുംബശ്രീയേയും സ്വന്തമായി കഥയും തിരക്കഥയും എഴുതി ചിത്രീകരിച്ച സിനിമകളുമായി എത്തിയ തദ്ദേശീയ മേഖലയിലെ സമര്‍ത്ഥരായ കുട്ടികളെയും മന്ത്രി അഭിനന്ദിച്ചു. അവര്‍ക്കിടയില്‍ നിന്നും മികച്ച ചലച്ചിത്ര പ്രതിഭകള്‍ ഉയര്‍ന്നു വരട്ടെയെന്നും മന്ത്രി ആശംസിച്ചു.
നമ്മളെല്ലാം ആഗ്രഹിക്കുന്ന ഇടങ്ങളിലേക്ക് തദ്ദേശീയ മേഖലയിലെ കുട്ടികളെ എത്തിക്കുന്നതിനുള്ള മികച്ച പദ്ധതിയാണ് കനസ് ജാഗയെന്ന് പി.വി ശ്രീനിജന് എം.എല്‍എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ചലച്ചിത്രമേളയുടെ സ്വിച്ച് ഓണ്‍ കര്‍മവും അദ്ദേഹം നിര്‍വഹിച്ചു.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു ഐ.എ.എസ്,കോര്പ്പറേഷന് സ്ഥിരം സമിതിഅധ്യക്ഷരായ പി.ആര് റെനീഷ്, ഷീബ ലാല്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ മനു ജേക്കബ്, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം മരുതി മുരുകന്, വിദ്യാഭ്യാസ വിദഗ്ധന്‍ രതീഷ് കാളിയാടന്‍, കേരള ഗ്രാമീണ്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അനില്‍ കെ പോള്‍, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍മാരായ ഡോ.സലില്‍ യു, ജയന് എം,വി, മിനി സി.ആര്, അട്ടപ്പാടി സുസ്ഥിര വികസന പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരായ മേരി മിനി, ലത ബാബു, നബീസ ലത്തീഫ്, സെന്റ് തേരേസാസ് കോളേജ് സീനിയര്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ.സജിമോള്‍ അഗസ്റ്റിന്, സേവ് ദി ചില്‍ഡ്രന്‍ പ്രതിനിധികളായ മിന്റു ദേവ്നാഥ്, നിര്‍മ്മല്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ് നന്ദി പറഞ്ഞു.
ഹ്രസ്വചലച്ചിത്ര മേളയുടെ ആദ്യദിനം കുട്ടികള്‍, ബ്രിഡ്ജ് സ്കൂള്‍ അധ്യാപകര്‍, അനിമേറ്റര്മാര് ഉള്‍പ്പെടെ ആയിരത്തി അഞ്ഞൂറിലേറെ പേരുടെ പങ്കാളിത്തം കൊണ്ട് സജീവമായി. പ്രദര്‍ശനം നടന്ന മൂന്നു വേദികളിലും സംഘടിപ്പിച്ച മുഖാമുഖം പരിപാടിയും കുട്ടികളുടെ സര്‍ഗാത്മകത മാറ്റുരയ്ക്കുന്ന വേദിയായി .മാറി. ‘തദ്ദേശീയ ജീവിതത്തിന്റെ സാംസ്കാരിക അടയാളങ്ങള്‍-എഴുത്ത്, സിനിമ, മാധ്യമങ്ങള്‍’, എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.
ഇന്ന് 32 ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. കൂടാതെ ‘തദ്ദേശീയ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ അവകശ സംരംക്ഷണം-മാറുന്ന വിദ്യാഭ്യാസ രീതിശാസ്ത്രം, എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും.
