ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) രണ്ടാം ഗഡു:കുടുംബശ്രീയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 93.7 കോടി കൂടി

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.ആര്‍.എല്‍.എം രണ്ടാം ഗഡുവായി 93.6 കോടി രൂപ കൂടി അനുവദിച്ചു. ഇതില്‍ 5.56 കോടി രൂപ സംസ്ഥാന മിഷന്‍റെയും, 80.04 കോടി രൂപ 14 ജില്ലാ മിഷനുകളുടെയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിക്കായി ആറ് കോടി രൂപയും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പ്രത്യേക പദ്ധതിക്കായി രണ്ടു കോടിയും ഈ ഫണ്ടില്‍ നിന്നു നല്‍കും.

കുടുംബശ്രീ സമര്‍പ്പിച്ച ഈ സാമ്പത്തിക വര്‍ഷത്തെ 400.84 കോടി രൂപയുടെ വാര്‍ഷിക കര്‍മപദ്ധതിക്ക് എന്‍.ആര്‍.എല്‍.എം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ ആദ്യഗഡുവായി 69.40 കോടി രൂപ എന്‍.ആര്‍.എല്‍.എം അനുവദിച്ചു നല്‍കി. ഇതിനു പുറമേയാണ് ഇപ്പോള്‍ രണ്ടാം ഗഡുവായി 93.6 കോടി രൂപ കൂടി അനുവദിച്ചു നല്‍കിയത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീയുടെ വാര്‍ഷിക കര്‍മപദ്ധതിക്കായി ആകെ 163 കോടി രൂപ ലഭിച്ചു. ഇതില്‍ 97.8 കോടി രൂപ കേന്ദ്ര വിഹിതവും 65.2 കോടി രൂപ സംസ്ഥാന വിഹിതവുമാണ്.

സംഘടനാ ശാക്തീകരണം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, കാര്‍ഷികം, മൃഗസംരക്ഷണം, സാമൂഹ്യ വികസനം, ജെന്‍ഡര്‍, എഫ്.എന്‍.എച്ച്.ഡബ്ല്യു, സൂക്ഷ്മ സംരംഭങ്ങള്‍, മാര്‍ക്കറ്റിങ്ങ്, ലാഖ്‍പതി ദീതി, മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങി ദാരിദ്ര്യനിര്‍മാര്‍ജന സ്ത്രീശാക്തീകരണ മേഖലയില്‍ സംസ്ഥാന ജില്ലാതലത്തില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക.

കാര്‍ഷിക കാര്‍ഷികേതര മേഖലയില്‍ സംരംഭകത്വ വികസനം ഉള്‍പ്പെടെയുളള വിവിധ ഉപജീവന പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യവികസനം, സംഘടനാ ശാക്തീകരണം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയാണ് ജില്ലാമിഷനുകള്‍ക്കുള്ള ഫണ്ട് വിതരണം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം (6.27 കോടി), കൊല്ലം (6.14 കോടി), പത്തനംതിട്ട (3.86 കോടി), ആലപ്പുഴ (5.73 കോടി), കോട്ടയം (5.01 കോടി), ഇടുക്കി (4.51 കോടി), എറണാകുളം (6.74 കോടി), തൃശൂര്‍ (7.03 കോടി), പാലക്കാട് (7.58 കോടി), മലപ്പുറം (8.09 കോടി), കോഴിക്കോട് (6.10 കോടി), വയനാട് (3.42 കോടി), കണ്ണൂര്‍ (5.71 കോടി), കാസര്‍കോട് ജില്ലയ്ക്ക് (3.85 കോടി) രൂപയും ഫണ്ട് ഇനത്തില്‍ വിതരണം ചെയ്തു.