സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 25 മുതല്‍ നടന്നു വരുന്ന ‘നയി ചേതന’ 3.0 ക്യാമ്പയിന്റെ ഭാഗമായി ഹോട്ടല്‍ ഗ്രാന്‍ഡ് ചൈത്രത്തില്‍ മാധ്യമ ശില്പശാല സംഘടിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് മുന്‍പന്തിയില്‍ നില്ക്കുന്ന കേരളം ലിംഗസമത്വത്തിന്റെ കാര്യത്തിലും ബഹുദൂരം മുന്നിലാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള ലക്ഷദ്വീപ് റീജിയണല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
നയി ചേതന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്നു വരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍, സ്ത്രീശാക്തീകരണ മേഖലയില്‍ കുടുംബശ്രീ നടപ്പാക്കുന്ന പുതിയ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ അവതരണവും ചര്‍ച്ചയും നടന്നു. തുടര്‍ന്ന് ലിംഗനീതിയിലേക്കും ലിംഗതുല്യതയിലേക്കും വഴി തുറക്കാന്‍ സഹായകമാകുന്ന ക്രിയാത്മകവും പ്രായോഗികവുമായ നിര്‍ദേശങ്ങള്‍ ശില്പശാലയില് പങ്കെടുത്തവര്‍ മുന്നോട്ടു വച്ചു. സ്ത്രീശാക്തീകരണത്തിനും തുല്യതയ്ക്കുമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവും ഗുണനിലവാരവുമാണ് കുടുംബശ്രീയെ ലോകത്തിന് മുന്നില്‍ വേറിട്ടു നിര്‍ത്തുന്നതെന്നും ശില്പശാലയില് വിലയിരുത്തി.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത്, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ പ്രീത ജി.നായര്‍, സഖി എൻ.ജി.ഒ നിയമവിദഗ്ധ അഡ്വ.സന്ധ്യ ജെ, മാധ്യമപ്രവര്‍ത്തകരായ അശ്വതി ജയശ്രീ, ശ്യാമ യു, കാര്‍ത്തിക സി, ഐശ്വര്യ എസ്, ആര്.ആതിര, ആശാ മോഹന്‍, ഐശ്വര്യ എസ്.എസ്, അനിജ മോള് യു.പി എന്നിവര്‍ സംസാരിച്ചു.
