പതിവുപോലെ നോയിഡയിലെ ആജീവിക സരസ് മേളയില്‍ കേരള രുചികളും കേരളത്തനിമയുള്ള ഉത്പന്നങ്ങളും ലഭ്യമാക്കി ശ്രദ്ധ നേടുകയാണ് കുടുംബശ്രീ. സെക്ടര്‍ 33 നോയ്ഡ ഹാത്തില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ചിരിക്കുന്ന സരസ് മേളയില്‍ അഞ്ച് ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ സംരംഭകരാണ് ഭാഗമായിരിക്കുന്നത്.
കുടുംബശ്രീ ബ്രാന്‍ഡഡ് ചിപ്സും കറിപ്പൊടികളും കരകൗശല വസ്തുക്കളും ഭക്ഷ്യ ഉത്പന്നങ്ങളും എല്ലാം അടങ്ങുന്ന എട്ട് ഉത്പന്ന വിപണന സ്റ്റാളുകളാണ് മേളയില്‍ കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്. മേഘ, ഐശ്വര്യ (എറണാകുളം), തന്മയ, ചാമുണ്ഡേശ്വരി (പാലക്കാട്), സ്നേഹ (മലപ്പുറം), ശ്രേയസ് (കോഴിക്കോട്), ശ്രീകൃഷ്ണ (ആലപ്പുഴ) എന്നീ എട്ട് യൂണിറ്റുകള്‍ വിവിധ ഉത്പന്നങ്ങള്‍ എത്തിച്ചിരിക്കുന്നു.
ഇതുകൂടാതെ മേളയ്ക്കൊപ്പമുള്ള ഇന്ത്യ ഫുഡ് കോര്‍ട്ടില്‍ രണ്ട് കുടുംബശ്രീ യൂണിറ്റുകളും രുചിക്കൂട്ട് (മലപ്പുറം), ലക്ഷ്യ (എറണാകുളം) എന്നീ യൂണിറ്റുകള്‍ ബിരിയാണി, പൊറോട്ട, ലഘുഭക്ഷണങ്ങള്‍, ദോശ, ജ്യൂസ് എന്നിങ്ങനെ വിവിധ വിഭവങ്ങളും തയാറാക്കി നല്കുന്നു. കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷനാണ് (എന്‍.ആര്.ഒ) ഫുഡ് കോര്‍ട്ട് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് പത്തിന് മേള അവസാനിക്കും.
