പട്ടികവര്‍ഗ മേഖലയിലെ യുവജനങ്ങള്‍ക്കായി കുടുംബശ്രീയുടെ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം: സര്‍ക്കാര്‍ ജോലി ലഭ്യമായത് 113 പേര്‍ക്ക്

കുടുംബശ്രീയുടെ പിന്തുണയില്‍ പട്ടികവര്‍ഗ മേഖലയില്‍ നിന്നും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ ജോലി നേടിയത് 113 യുവജനങ്ങള്‍. ഈ മേഖലയിലെ യുവജനങ്ങളുടെ സാമ്പത്തിക സാമൂഹ്യ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് സംഘടിപ്പിച്ച മത്സര പരീക്ഷാ പരിശീലനങ്ങളുടെ ഭാഗമായാണ് ഇത്രയും പേര്‍ക്ക് ജോലി ലഭ്യമായത്. എല്‍.ഡി ക്ളര്‍ക്ക്, പോലീസ്, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അധികം നിയമനങ്ങളും. ഇവര്‍ എല്ലാവരും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇതു കൂടാതെ 364 പേര്‍ വിവിധ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  കുടുംബശ്രീ വഴി വിദഗ്ധ പരിശീലനം ലഭ്യമാക്കിയ 2893 പേരില്‍ നിന്നാണ് ഈ നേട്ടം. സര്‍ക്കാര്‍ ജോലി ലഭിച്ചതിലൂടെ ഇവര്‍ക്ക് സാമ്പത്തിക സുസ്ഥിരതയും സമൂഹത്തില്‍ എല്ലാവര്‍ക്കുമൊപ്പം ഇടപെടുന്നതിനുള്ള ആത്മവിശ്വാസവും വര്‍ധിച്ചിട്ടുണ്ട്.  

ഈ മേഖലയിലെ യുവജനങ്ങളെ മുഖ്യധാരാ സമൂഹത്തിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തീവ്ര പി.എസ്.എസി മത്സര പരീക്ഷാ പരിശീലനം നല്‍കിയത്. ഇതിനായി ഇവര്‍ അധിവസിക്കുന്ന ജില്ലകളില്‍ പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഡിഗ്രിയും പ്ളസ് ടു യോഗ്യതയുള്ളവരെയുമാണ് ഉള്‍പ്പെടുത്തിയത്. പിന്നീട്  ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പോലുള്ള തസ്തികകളിലേക്ക് ആവശ്യമായ പരിശീലനവും ലഭ്യമാക്കി. ഇതിനായി വിവിധ മേഖലകളിലെ വിദഗ്ധരായ ഫാക്കല്‍റ്റിയെ കണ്ടെത്തി അവര്‍ മുഖേനയാണ് പരിശീലനം നല്‍കുന്നത്.   പരിശീലനത്തിനായി ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ പ്രത്യേകം  കേന്ദ്രങ്ങങ്ങളും പ്രവര്‍ത്തിക്കുന്നു. കൂടാതെ മറ്റു പരിശീലന കേന്ദ്രങ്ങളുമായി ചേര്‍ന്നും പരിശീലനം ലഭ്യമാക്കുന്നു. അതത് കുടുംബശ്രീ സി.ഡി.എസുകളുടെ പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍.