തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളായ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള വിവിധ ഉത്പന്നങ്ങളും സ്വാദൂറും ഭക്ഷണവിഭവങ്ങളുമെല്ലാം ലഭ്യമാക്കി കുടുംബശ്രീ ‘അങ്ങാടി’ ഉത്പന്ന വിപണന-ഭക്ഷ്യമേള തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ പുരോഗമിക്കുന്നു. ജനുവരി 10ന് തുടങ്ങിയ മേള 16 വരെയാണ്. പ്രവേശനം സൗജന്യമാണ്.
ദേശീയ നഗര ഉപജീവന ദൗത്യം (എന്‍.യു.എല്‍.എം) പദ്ധതിയുടെ രണ്ടാം ഘട്ടം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഇന്ത്യയൊട്ടാകെ കേന്ദ്ര ഭവനനഗരകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന സാന്‍ഝ ഉത്സവിന്റെ ഭാഗമായാണ് ഈ കുടുംബശ്രീ ‘അങ്ങാടി’മേള. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളാണ് എന്‍.യു.എല്‍.എം 2.0 പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനില്‍ കഴിഞ്ഞ ഡിസംബറില്‍ സംഘടിപ്പിച്ച അങ്ങാടി മേള വന്‍ ഹിറ്റായിരുന്നു.
മ്യൂറല്‍ പെയിന്റിങ്‌സ്, ടെറാകോട്ട ആഭരണങ്ങള്‍, ഹെല്‍ത്ത് ന്യൂട്രിമിക്‌സ്, തുണിത്തരങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ ഉത്പന്നങ്ങള്‍ ലഭിക്കുന്ന 50 പ്രദര്‍ശന വിപണന സ്റ്റാളുകളും സ്വാദൂറും വിഭവങ്ങള്‍ ലഭ്യമാക്കുന്ന 20 സ്റ്റാളുകളുള്ള ഫുഡ്കോര്‍ട്ടുമാണ് മേളയിലുള്ളത്. കൂടാതെ കലാ, സാംസ്‌ക്കാരിക പരിപാടികളും പൊതുയോഗങ്ങളും സംവാദങ്ങളും പദ്ധതി പുരോഗതി സംബന്ധിച്ച വീഡിയോ പ്രദര്‍ശനങ്ങളുമെല്ലാം അങ്ങാടിയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്നു. മേളയുടെ ഉദ്ഘാടനം ജനുവരി പത്തിന് സംഘടിപ്പിച്ച ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ മേഘ മേരി കോശി, നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ക്ലീനസ് റൊസാരിയോ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 2015 മുതലാണ് നഗരദാരിദ്ര്യലഘൂകരണം ലക്ഷ്യമിട്ടുള്ള എന്‍.യു.എല്‍.എം പദ്ധതി കേരളത്തില്‍ നടപ്പിലാക്കി വരുന്നത്. കേരളത്തിലെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ മികച്ച പദ്ധതി പ്രവര്‍ത്തനത്തിന് നിരവധി ദേശീയ അംഗീകാരങ്ങളും സ്വന്തമാക്കിയിരുന്നു.
