പൂക്കൃഷി മാത്രമല്ല, ഇനി പൂക്കളുടെ മൂല്യവര്‍ദ്ധനവും കുടുംബശ്രീ അംഗങ്ങളിലൂടെ

ഓണക്കാലത്ത് കുടുംബശ്രീ അംഗങ്ങള്‍ നടത്തുന്ന പൂക്കൃഷി ഇപ്പോള്‍ ഹിറ്റാണ്. എന്നാല്‍ പൂക്കൃഷി മാത്രമല്ല, പൂക്കളുടെ മൂല്യവര്‍ദ്ധനവിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് അധിക വരുമാന അവസരമൊരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍ കുടുംബശ്രീ.

അഗര്‍ബത്തി, ഡൈ, ഹോളി കളര്‍ പൗഡര്‍, ഫ്ളവര്‍ ജെല്ലി, ക്യാറ്റില്‍ അഡിറ്റീവ്സ് എന്നിങ്ങനെ പൂവില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള പരിശീലനമാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെ.എല്‍.ജി – കൂട്ടുത്തരവാദിത്ത കൃഷി സംഘം) അംഗങ്ങള്‍ക്ക് നല്‍കുന്നത്.

ഇതിന്റെ ആദ്യഘട്ട പരിശീലനം കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള അഗ്രികള്‍ച്ചര്‍ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍, പൂക്കൃഷി ചെയ്യുന്ന ജെ.എല്‍.ജി പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 40 പേര്‍ ഈ ദ്വിദിന പരിശീലനത്തിന്റെ ഭാഗമായി. അടുത്തമാസം ജില്ലാതലത്തില്‍ പരിശീലനങ്ങള്‍ നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. 2024ലെ ഓണക്കാലത്ത് 3453 കുടുംബശ്രീ ജെ.എല്‍.ജികള്‍ ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായി 1281.24 ഏക്കറില്‍  പൂക്കൃഷി നടത്തിയിരുന്നു.