‘പോക്കറ്റ്മാര്‍ട്ട്’ റിഫ്രഷ്‌മെന്റ് പരിശീലനങ്ങള്‍ക്ക് തുടക്കം

കുടുംബശ്രീയുടെ ഇ-കൊമേഴ്‌സ് ആപ്ലിക്കേഷനായ ‘പോക്കറ്റ്മാര്‍ട്ട്’ വഴി ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ വിപണിയിലെത്തിക്കുന്നതിനായി കുടുംബശ്രീ സംരംഭകര്‍ക്ക് ‘പോക്കറ്റ്മാര്‍ട്ട് റിഫ്രഷ്‌മെന്റ്’ പരിശീലനം കൊല്ലത്ത് സംഘടിപ്പിച്ചു. കുടുംബശ്രീ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങുകളുടെ അനന്ത സാധ്യത തുറന്ന് നല്‍കുന്ന ‘പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്‌റ്റോറി’ല്‍ ഇപ്പോള്‍ 1462 സംരംഭ യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജി.എസ്.ടി രജിസ്‌ട്രേഷനുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കുടുംബശ്രീ സംരംഭകര്‍, മാര്‍ക്കറ്റിങ് മേഖല കൈകാര്യം ചെയ്യുന്ന കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ കൂടാതെ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ എന്നിങ്ങനെ 97 പേര്‍ ജൂണ്‍ ആറിന് സംഘടിപ്പിച്ച ഏകദിന പരിശീലനത്തിന്റെ ഭാഗമായി. കൊല്ലം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ കൊല്ലം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍  ചന്ദ്രന്‍ ആര്‍ പദ്ധതി വിശദീകരണം നടത്തി. കൊല്ലം അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഉന്മേഷ്. ബി സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജിനേഷ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ മുഹമ്മദ് ഷാന്‍ എന്നിവര്‍ സംസാരിച്ചു.

എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പരിശീലനം തൃശ്ശൂര്‍ കിലയില്‍ ജൂണ്‍ 8ന് സംഘടിപ്പിച്ചു. ശേഷിച്ച എട്ട് ജില്ലകളിലെ പരിശീലനം ജൂണ്‍ 15നകം പൂര്‍ത്തിയാക്കും.