ഇന്ന് 2025 ജൂലൈ 30. ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുമ്പ് കേരളം കണ്‍ തുറന്നത് ഉള്‍ക്കിടിലമുയര്‍ത്തിയ ഒരു വാര്‍ത്തയോടെയായിരുന്നു. വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ സ്വദേശികളായ നിരവധിപേര്‍ അന്നത്തെ സൂര്യോദയം കാണാനാകാതെ ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. ഉരുൾപൊട്ടൽ ദുരന്തം അന്ന് കവര്‍ന്നത് 298 മനുഷ്യ ജീവനുകള്‍.
അന്ന് മുതല്‍ ഇന്ന് വരെ ഈ ദുരന്തം നേരിട്ടും അല്ലാതെയും ബാധിച്ച കുടുംബങ്ങളുടെ കണ്ണീരൊപ്പുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഈ ശ്രമങ്ങള്‍ക്ക് കുടുംബശ്രീയും തങ്ങളാല്‍ കഴിയുന്ന പിന്തുണകള്‍ നല്‍കി വരുന്നു. മുണ്ടക്കൈയുടെ അതിജീവനത്തിനായി മൈക്രോ പ്ലാന്‍ തയാറാക്കല്‍, ഉപജീവന പിന്തുണ, നൈപുണ്യ പരിശീലനം ലഭ്യമാക്കല്‍, വായ്പകള്‍ ലഭ്യമാക്കല്‍, വിവിധ വകുപ്പുകളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, കൗണ്‍സിലിങ് സേവനങ്ങള്‍ എന്നിങ്ങനെ നീളുന്നു കുടുംബശ്രീയുടെ മുണ്ടക്കൈയിലെ പ്രധാന ഇടപെടലുകള്‍.
28 അയല്‍ക്കൂട്ടങ്ങള്‍ക്ക് 15,000 രൂപ റിവോള്‍വിങ് ഫണ്ട് ലഭ്യമാക്കിയത് കൂടാതെ അട്ടമല, മുണ്ടക്കൈ, ചൂരല്‍മല വാര്‍ഡുകള്‍ക്ക് 1.5 ലക്ഷം രൂപ വൾണറബിളിറ്റി റിഡക്ഷന്‍ ഫണ്ടുമായി ലഭ്യമാക്കി. ദുരിതം നേരിട്ടും പരോക്ഷമായും ബാധിച്ച 1084 കുടുംബങ്ങള്‍ക്കായി അവരുടെ ആവശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക മൈക്രോ പ്ലാനുകള്‍ തയാറാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് മറ്റ് വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു മൈക്രോ പ്ലാന്‍ തയാറാക്കല്‍ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടത്തിയത്. 49 ക്ലസ്റ്ററുകളായി ഫോക്കസ്ഡ് ഗ്രൂപ്പ് ഡിസ്‌കഷന്‍ നടത്തിയായിരുന്നു കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൈക്രോ പ്ലാനുകളുടെ തയാറാക്കല്‍. ആരോഗ്യം, ആഹാരം – പോഷകാഹാരം, വിദ്യാഭ്യാസം, ഉപജീവനം, നൈപുണ്യ വികസനം- തൊഴില്‍, ഉപജീവന വായ്പാ ഇടപെടലുകള്‍ എന്നിവ സംബന്ധിച്ചുള്ള ആവശ്യങ്ങളാണ് മൈക്രോ പ്ലാനില്‍ തുടര്‍ ഇടപെടലുകളില്‍ പരിഗണിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3.61 കോടി രൂപ 357 കുടുംബങ്ങള്‍ക്ക് ഉപജീവന പിന്തുണ നല്‍കുന്നതിന് സ്റ്റാര്‍ട്ടപ്പ് ഫണ്ട്, ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി എന്നീ സഹായം നല്‍കുന്നതിനായി കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ദുരന്ത ബാധിതര്‍ക്ക് പുതിയ പലിശരഹിത വായ്പാ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് എസ്.എല്‍.ബി.സിയുമായി ചര്‍ച്ചയും നടത്തിക്കഴിഞ്ഞു.
എല്ലാത്തരത്തിലും മുണ്ടക്കൈ ദുരന്ത ബാധിതരെ അതിജീവനത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങള്‍ സർക്കാരിനൊപ്പം ചേർന്ന് അതിശക്തമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുകയാണ് കുടുംബശ്രീ.
