വയോജന രോഗീ പരിചരണ മേഖലയില്‍ വനിതകള്‍ക്ക് തൊഴിലവസരം: നിപ്മറും കുടുംബശ്രീയും സംയുക്തമായി പരിശീലനം നല്‍കുന്നു

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വയോജന രോഗീപരിചരണ മേഖലയില്‍ തൊഴില്‍ നേടാന്‍ കുടുംബശ്രീ വനിതകള്‍ക്ക് അവസരം.  ഈ രംഗത്തെ പ്രശസ്ത സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍-നിപ്മറുമായി ചേര്‍ന്നു കൊണ്ട്  പ്രായോഗിക പരിശീലനം ഉള്‍പ്പെടെ ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സിലാണ് പരിശീലനം നല്‍കുക. തൃശൂരിലെ നിപ്മര്‍ ക്യാമ്പസില്‍ ഏപ്രില്‍ 21-ന് ആരംഭിക്കുന്ന രണ്ടാമത്തെ ബാച്ചിലാണ് അവസരം. 40 പേര്‍ക്ക് പങ്കെടുക്കാം. പരിശീലനം സൗജന്യമാണ്. പരിശീലനം ലഭ്യമായ അംഗങ്ങള്‍ കെ 4 കെയര്‍ എക്സിക്യൂട്ടീവ് എന്ന പേരിലാകും അറിയപ്പെടുക.  

25-40 നും ഇടയില്‍ പ്രായമുളള കുടുംബശ്രീ അംഗത്തിനോ കുടുംബശ്രീ കുടുംബാംഗത്തിനോ ഓക്സിലറി ഗ്രൂപ്പ് അംഗത്തിനോ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. പത്താം ക്ളാസ് ജയിച്ചിരിക്കണം.

2024 ജനുവരിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്നവര്‍ക്ക് പ്രൊഫഷണല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  ഇതിന്‍റെ ഭാഗമായി ആദ്യഘട്ടത്തില്‍ 765 പേര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇതില്‍ 482 പേര്‍ക്കും മികച്ച വേതനത്തോടെ വിദേശത്തടക്കം തൊഴില്‍ ലഭ്യമായിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചു കൊണ്ടാണ് നിപ്മറുമായി ചേര്‍ന്ന് ഈ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നത്. ആദ്യബാച്ചിന്‍റെ പരിശീലനം തൃശൂരിലെ നിപ്മര്‍ ക്യാമ്പസില്‍ നടന്നു വരികയാണ്. ഇത് ഏപ്രില്‍ 12ന് പൂര്‍ത്തിയാകും.  

പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതത് ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കെ ഫോര്‍ കെയര്‍ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 9188925597 എന്ന നമ്പറില്‍ വിളിക്കാം.