സൂക്ഷ്മസംരംഭങ്ങളുടെ പുനരുജ്ജീവനത്തിന് കുടുംബശ്രീയുടെ ‘പുനര്‍ജ്ജ്വാല’ ക്യാമ്പയിന്‍

കുടുംബശ്രീയുടെ കീഴിലുള്ള സൂക്ഷ്മസംരംഭങ്ങളെ കൂടുതല്‍ മത്സരക്ഷമവും സാമ്പത്തിക സുസ്ഥിരതയുമുളള ബിസിനസ് സംരംഭങ്ങളാക്കി വളര്‍ത്തുന്നതിനും സംരംഭകരുടെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനും ‘പുനര്‍ജ്ജ്വാല’ സംസ്ഥാനതല ക്യാമ്പയിന് തുടക്കമായി. പ്രവര്‍ത്തനക്ഷമത കുറഞ്ഞതും പരിമിതമായ വരുമാനം മാത്രം ലഭ്യമാകുന്നതുമായ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുകയും വളര്‍ച്ചാ സാധ്യതയുള്ള സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്ന സമഗ്ര ഇടപെടലാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.  ഉല്‍പാദന സേവന വ്യാപാര മേഖലകളിലടക്കം പ്രവര്‍ത്തിക്കുന്ന ഓരോ സംരംഭത്തെയും കൂടുതല്‍ മെച്ചപ്പെടുത്തുകയും സംരംഭകര്‍ക്ക് ഉയര്‍ന്ന വരുമാനലഭ്യതയും ഇതോടൊപ്പം ലക്ഷ്യമിടുന്നു.

നിലവില്‍ സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം-പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 58212 സംരംഭങ്ങള്‍ ഉള്‍പ്പെടെ കുടുംബശ്രീയുടെ കീഴിലുളള രണ്ടു ലക്ഷത്തിലേറെ സൂക്ഷ്മസംരംഭങ്ങള്‍ക്ക് ‘പുനര്‍ജ്ജീവനം’ ക്യാമ്പയിന്‍റെ പ്രയോജനം ലഭിക്കും. ക്യാമ്പയിന്‍റെ മുന്നോടിയായി കുടുംബശ്രീയുടെ കീഴിലുളള ആയിരത്തിലേറെ വരുന്ന മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍ ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും  സംരംഭങ്ങള്‍ സന്ദര്‍ശിച്ച് അവയുടെ നിലവിലെ അവസ്ഥയും പ്രശ്നങ്ങളും മനസിലാക്കും.  

ഓരോ സംരംഭത്തിന്‍റെയും നിലവിലെ പ്രവര്‍ത്തനാവസ്ഥ, വരുമാനം, വിപണന രീതികള്‍, സാമ്പത്തിക സുസ്ഥിരത, തൊഴില്‍ സൃഷ്ടി, വളര്‍ച്ചാസാധ്യത,  സംരംഭകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിക്കും. പിന്നീട് ആവശ്യാനുസരണം സാമ്പത്തിക സഹായം, സാങ്കേതിക പിന്തുണ, ബ്രാന്‍ഡിങ്ങ്, പാക്കേജിങ്ങ്, വിപണന സഹായം, പ്രൊഫഷണല്‍ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കിക്കൊണ്ട് നിലവിലുള്ള സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പു വരുത്തും. ഒപ്പം ഉല്‍പാദനത്തിലും വരുമാനത്തിലും കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുള്ള സംരംഭങ്ങളെ സ്കെയില്‍ അപ് ചെയ്യും. മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണത്തിനും പ്രോത്സാഹനം നല്‍കും. ഇതിനാവശ്യമായ സാമ്പത്തിക പിന്തുണകളും ലഭ്യമാക്കും. പ്രതിസന്ധി നേരിടുന്ന സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം, ബ്രാന്‍ഡിങ്ങ്, പാക്കേജിങ്, വിപണന പിന്തുണ, സാങ്കേതിക ഉപദേശം, തൊഴില്‍ വൈദഗ്ധ്യ പരിശീലനങ്ങള്‍ എന്നിവയും ലഭ്യമാക്കും.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ആധുനിക ബ്രാന്‍ഡിങ്ങ്. ഇ-കൊമേഴ്സ്, ഓണ്‍ലൈന്‍ വിപണന പ്ലാറ്റ് ഫോമുകൾ എന്നിവയിലൂടെ സംരംഭങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്താനും പ്രൊഫഷണല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതും ക്യാമ്പയിന്‍റെ ഭാഗമാണ്. കൂടാതെ കുടുംബശ്രീയുടെയും വിവിധ വകുപ്പുകളുടെയും ധനസഹായ പദ്ധതികള്‍, സബ്സിഡികള്‍, ബാങ്ക് വായ്പകള്‍ എന്നിവ ഫലപ്രദമായി ഏകോപിപ്പിച്ച് സംരംഭങ്ങള്‍ക്ക് സംരംഭ വികസനത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കും. പുതുതായി സംരംഭം ആരംഭിക്കുന്നവര്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദഗ്ധരുടെ മാര്‍ഗനിര്‍ദേശവും തൊഴില്‍ പരിശീലനങ്ങളും ലഭ്യമാക്കും.

കുടുംബശ്രീയുടെ പ്രമുഖ പദ്ധതികളായ അമൃതം ന്യൂട്രിമിക്സ്, കഫേ കുടുംബശ്രീ, സാനിട്ടറി നാപ്കിന്‍ യൂണിറ്റുകള്‍, അപ്പാരല്‍ പാര്‍ക്കുകള്‍, ഇ-സേവാ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിനും പ്രത്യേക പദ്ധതിയുണ്ട്.

ക്യാമ്പയിന്‍റെ വിജയകരമായ നടത്തിപ്പിന് കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോണല്‍ മെന്‍റര്‍മാരുടെ സാങ്കേതിക പിന്തുണയുമുണ്ട്. ക്യാമ്പയിനു മുന്നോടിയായി മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍, ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം, സംരംഭകരും പ്രൊഫഷണല്‍ സേവന ദാതാക്കളും ഉള്‍പ്പെടുന്ന ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയും പൂര്‍ത്തിയായി.