സ്മാര്‍ട്ട്ശ്രീ – 150 കുടുംബശ്രീ സംരംഭങ്ങളെ വാനോളമുയര്‍ത്താന്‍ ഇന്‍ക്യുബേറ്റര്‍ പദ്ധതി- തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

വളര്‍ച്ചാ സാധ്യതയുള്ള കുടുംബശ്രീ സംരംഭങ്ങളെ അടുത്തഘട്ടത്തിലേക്ക് വളര്‍ത്തുന്നതിനും അവയെ വിപുലപ്പെടുത്തുന്നതിനും മറ്റ് സംരംഭകര്‍ക്ക് അനുകരണീയമായ മാതൃകകള്‍ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ടുള്ള ‘സ്മാര്‍ട്ട്ശ്രീ’ ഇന്‍ക്യുബേറ്റര്‍ പദ്ധതിയുടെ തെരഞ്ഞെടുപ്പ് ഘട്ടം പൂര്‍ത്തിയായി. സംസ്ഥാനത്തുടനീളമുള്ള 150 സംരംഭങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ കാലാവധി മൂന്ന് വര്‍ഷമാണ്. അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ ഈ സംരംഭങ്ങളെ അടുത്തതലത്തിലേക്ക ഉയര്‍ത്താനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. 

വിവിധ കാരണങ്ങളാല്‍ വിപണിയില്‍ വിജയിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഉത്പാദന, സേവന മേഖലകളിലുള്ള സംരംഭങ്ങള്‍ക്കാണ് ഇന്‍ക്യുബേറ്റര്‍ പിന്തുണ നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ക്ക് വേണ്ട എല്ലാവിധ പിന്തുണയും നല്‍കുന്ന ഇന്‍ക്യുബേറ്ററായി പ്രവര്‍ത്തിക്കുന്നതിന് ഐ.ഐ.എം.കെ- ലൈവ് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് – ലാബോറട്ടറി ഫോര്‍ ഇന്നൊവേഷന്‍ വെഞ്ചറിങ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്)മായി കുടുംബശ്രീ കരാറിലെത്തിയിരുന്നു. ഇത് അനുസരിച്ച് കുടുംബശ്രീയും ഐ.ഐ.എം.കെ-ലൈവും സംയുക്തമായി നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് 150 സംരംഭങ്ങളെ ഇപ്പോള്‍ സ്മാര്‍ട്ട്ശ്രീ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ഭക്ഷ്യമേഖല, അപ്പാരല്‍, കറി പൗഡര്‍ ഉത്പാദനം, ക്ലീനിങ് & ഹൈജീന്‍, കരകൗശലം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള സംരംഭങ്ങളുണ്ട്. 

സംരംഭങ്ങള്‍ക്ക് മികച്ച പരിതസ്ഥിതി കെട്ടിപ്പെടുക്കുക, വലിയ വിപണികളുമായി ഇടപഴകുന്നതിനും സാമ്പത്തിക സുസ്ഥിരത നേടുന്നതിനും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യാപന സാധ്യതകള്‍ക്ക് മാതൃകകള്‍ സൃഷ്ടിക്കുന്നതിനുമുള്ള പിന്തുണയാണ് പദ്ധതി മുഖേന നല്‍കുക. 

ഐ.ഐ.എം.കെയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ജൂറി അംഗങ്ങളായി കുടുംബശ്രീയെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ അനീഷ് കുമാര്‍ എം.എസ്, സുചിത്ര എസ് എന്നിവര്‍ പങ്കെടുത്തു. പ്രൊഫ. ദേവ പ്രസാദ് (ഐ.ഐ.എം.കെ) പ്രൊഫ. അശോക് തോമസ് (ഐ.ഐ.എം.കെ) ലിജോ പി. ജോസ് (സീനിയര്‍ ജനറല്‍ മാനേജര്‍ ഐ.ഐ.എം.കെ -ലൈവ്) മുഹമ്മദ് നിയാസ്. ടി (എം.എസ്.എം.ഇ വിദഗ്ധന്‍), അഭിജിത്ത് (എം.എസ്.എം.ഇ വിദഗ്ധന്‍) എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍.