ഫോര്‍ട്ട് കൊച്ചിയിലെ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിനോട് ചേര്‍ന്ന് ഓപ്പണ്‍ എയര്‍ തിയേറ്റര്‍ കോംപ്ലെക്സില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി 1 വരെ സംഘടിപ്പിച്ച കുടുംബശ്രീ ‘അങ്ങാടി’ അയല്‍ക്കൂട്ട ഉത്പന്ന വിപണന മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ദേശീയ നഗര ഉപജീവന ദൗത്യം (എന്‍.യു.എല്‍.എം) പദ്ധതിയുടെ രണ്ടാം ഘട്ടം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഇന്ത്യയൊട്ടാകെ കേന്ദ്ര ഭവനനഗരകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന സാന്‍ഝ ഉത്സവിന്റെ ഭാഗമായാണ് കുടുംബശ്രീ ‘അങ്ങാടി’ വിപണന മേള കൊച്ചി കോര്‍പ്പറേഷനില്‍ ഒരുക്കിയത്.
അയല്‍ക്കൂട്ടാംഗങ്ങളായ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ലഭിക്കുന്ന 33 പ്രദര്‍ശന വിപണന സ്റ്റാളുകളും സ്വാദൂറും വിഭവങ്ങള്‍ ലഭ്യമാക്കി 17 സ്റ്റാളുകളുള്ള ഫുഡ്കോര്‍ട്ടുമാണ് മേളയിലുണ്ടായിരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 2015 മുതലാണ് നഗരദാരിദ്ര്യലഘൂകരണം ലക്ഷ്യമിട്ടുള്ള എന്‍.യു.എല്‍.എം പദ്ധതി കേരളത്തില്‍ നടപ്പിലാക്കി വരുന്നത്. കേരളത്തിലെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ മികച്ച പദ്ധതി പ്രവര്‍ത്തനത്തിന് നിരവധി ദേശീയ അംഗീകാരങ്ങളും സ്വന്തമാക്കിയിരുന്നു.
