അതിശയ പത്തിരി കയ്ച്ചിനാ, സരസിന് പോന്നോളീ

“ഇങ്ങള് കോയിക്കോട്ടെ അതിശയ പത്തിരി കയ്ച്ചിനാ! പോന്നോളീ പള്ള നിറയെ കയ്ക്കാം” മേളയിലെ ഫുഡ് കോർട്ടിലെത്തിയാൽ കേൾക്കാം കോഴിക്കോടൻ ശൈലിയിലെ സ്നേഹത്തോടെയുള്ള ആ വിളി. വിളി മാത്രമല്ല പറഞ്ഞത് പോലെ വയറ് നിറയെ മലബാർ സ്പെഷ്യൽ വിഭവങ്ങളും ഫുഡ്കോർട്ടിലെ കോഴിക്കോട് സ്റ്റാളിലുണ്ട്. കോഴിക്കോട് തനിമ കുടുംബശ്രീ അംഗങ്ങായ ഇരട്ട സഹോദരിമാരാണ് സ്റ്റാളിൽ ആവേശത്തോടെ കച്ചവടം നടത്തുന്നത്. ഫിദ പി.ജി സൈക്കോളജിയും നിദ ബി.എഡ് വിദ്യാർത്ഥിയുമാണ്.

ലയറുകളിലാക്കിയ ചപ്പാത്തിയിൽ കോഴിയും മസാലയും പ്രത്യേകം ചേർത്തുണ്ടാക്കുന്ന അതിശയ പത്തിരിയുടെ രുചി അതിശയിപ്പിക്കുന്നതു തന്നെയാണ്. ഇതുകൂടാതെ കോഴിക്കോടൻ സ്പെഷ്യലായ ചിക്കൻ ഓലമടക്ക്, കല്ലുമ്മക്കായ – കൂന്തൽ നിറച്ചത്, കരിംജീരകക്കോഴി, ചിക്കൻ പൊട്ടിത്തെറിച്ചത് തുടങ്ങിയ വിവിധ വിഭവങ്ങളും കഴിക്കാം.