കോഴിക്കോട്: തലമുറകളിൽ നിന്നു തലമുറകളിലേക്കു വാമൊഴിയായി വിനിമയം ചെയ്യപ്പെട്ട രഹസ്യവിധികളിലൂടെ തയ്യാറാക്കിയ പച്ചമരുന്നുകളെ പരിചയപ്പെടുത്തുകയാണ് വയനാട്ടിൽ നിന്നുള്ള ജേക്കബ് വൈദ്യരും ഭാര്യ ലില്ലിയും. താഴമുണ്ട തേജസ് കുടുംബശ്രീ അയൽക്കൂട്ട അംഗമാണ് ലില്ലി. ലില്ലിയും ജേക്കബും ചേർന്ന് 2020 ൽ ആണ് ‘ഒമേഗ പാരമ്പര്യ നാട്ടുവൈദ്യ ചികിത്സാലയം’ എന്ന പേരിൽ സംരംഭം ആരംഭിക്കുന്നത്. വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്ത് 17 ആം വാർഡ് താഴമുണ്ടയാണ് ഇവരുടെ സ്വദേശം.
മുപ്പതാം വയസിലാണ് തലമുറയായി പകർന്ന് കിട്ടിയ ഒറ്റമൂലി പ്രയോഗം നടത്തി പാരമ്പര്യ നാട്ടുവൈദ്യ ചികിത്സാരംഗത്തേക്ക് കടന്നതെന്നു ജേക്കബ് പറയുന്നു. അലർജി, തുമ്മൽ, കഫക്കെട്ട്, ആസ്മ, ശ്വാസം മുട്ടൽ എന്നിവയ്ക്കായി തയ്യാറാക്കിയ പച്ചമരുന്ന് പിന്നീട് “ഹോളി ബേസിൽ തുളസി തൈലം” എന്ന പേരിൽ വിപണികളിൽ സജീവമായി ഇവർ വിറ്റഴിച്ചു തുടങ്ങി. ആദ്യമായി തയ്യാറാക്കിയ ഈ പച്ചമരുന്ന് അന്വേഷിച്ചാണ് ഇന്നും ആവശ്യക്കാർ എത്തുന്നത് എന്ന് സരസ് മേളയിലെ 127 ആം നമ്പർ സ്റ്റാളിൽ ഇരുന്ന് ഇരുവരും പറയുന്നു.
അരിമ്പാറ, ആണിരോഗം ,അലർജി, കുഴിനഖം, വേരിക്കോസ് വെയിൻ സോറിയാസിസ്, അകാലനര തുടങ്ങിയവ പ്രതിരോധിക്കുന്നതിനുള്ള പച്ചമരുന്നുകൾ ഇവരുടെ കൈയിലുണ്ട്. കേരളത്തിനകത്തും കർണാടകയിൽ നിന്നുമായാണ് പച്ചമരുന്നുകൾക്ക് ആവശ്യമായ ഔഷധ ചെടികൾ ഇവർ ശേഖരിക്കുന്നത്. അത്യാവശ്യത്തിനു വീട്ടിലും ഔഷധ ചെടികൾ കൃഷി ചെയ്യുന്നുണ്ട് എന്നും ഇവർ പറയുന്നു. 30 ഓളം പച്ചമരുന്നുകളാണ് സരസ് മേളയിലെ സ്റ്റാളിൽ ഇവർ എത്തിച്ചിരിക്കുന്നത്. ഇവർ ആദ്യമായാണ് സരസ് മേളയിൽ പങ്കെടുക്കുന്നത്.
