തേൻ മെഴുകുമായി ജോളിയുമുണ്ട് സരസ് മേളയിൽ

കോഴിക്കോട് : കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന പന്ത്രണ്ടാമത് ദേശീയ സരസ് മേളയിൽ തേനിന്റെ മാധുര്യം തീർത്തു ശ്രദ്ധ നേടുകയാണ് കൊല്ലം ജില്ലയിൽ നിന്നുമെത്തിയ സംരംഭകയായ  ജോളി ബിജു. കൊല്ലം ജില്ലയിലെ ഇളമാട് പഞ്ചായത്തിലെ ഐശ്വര്യ അയൽക്കൂട്ടത്തിലെ അംഗമാണ് ജോളി. ‘ഹണി ഡ്രോപ്പ്സ് ബീ ഗാർഡൻ’ എന്നാണ് ജോളിയുടെ സംരംഭത്തിന്റെ പേര്. ഏകദേശം ഇരുപതു വർഷം മുൻപാണ് ജോളിയും ഭർത്താവായ ബിജുവും ചേർന്ന് ‘ഹണി ഡ്രോപ്പ്സ് ബീ ഗാർഡൻ’ എന്ന സംരംഭം ആരംഭിച്ചത്.

ഇവരുടെ സംരംഭത്തിൽ നിന്നുമുള്ള  മികച്ച ഒരു ഉൽപ്പന്നമാണ് തേൻ മെഴുക്. കഴുത്തിലും കണ്ണിലും മുഖത്തുമുള്ള കറുത്ത പാടുകൾ  മാറ്റുവാനും ശരീരകോശങ്ങളെ മൃദുവാക്കുവാനും തേൻ മെഴുകിന് കഴിയുമെന്നാണ് സംരംഭകയായ ജോളി പറയുന്നത്. തേൻ മെഴുകു കൂടാതെ, തേൻ, ചെറുതേൻ, കാട്ടുതേൻ തുടങ്ങീ മൂന്ന് തരം തേനുകളിൽ നിന്നു കസ്തൂരി മഞ്ഞൾപൊടി, ചെമ്പരത്തിത്താളി ചൂർണ്ണം, സോപ്പ് തുടങ്ങി ഇരുപതിലധികം ഉത്പന്നങ്ങളും ഇവർ ഉണ്ടാക്കുന്നുണ്ട്. ഇവർ പങ്കെടുക്കുന്ന രണ്ടാമത്തെ സരസ് മേളയാണിത്.  മുൻപ് കൊല്ലം ജില്ലയിൽ  നടന്ന സരസ് മേളയിലും ഇവർ പങ്കെടുത്തിരുന്നു. സരസ് മേളയിലെ 27 ആം നമ്പർ സ്റ്റാളിലാണ് ഇവരുടെ ഉൽപ്പന്നങ്ങൾ ലഭ്യമാവുക.