മുരിങ്ങയുടെ ‘മൾട്ടി വിറ്റാമിൻ’ മാജിക്കുമായി അരുണയുണ്ട് ദേശീയ സരസ് മേളയിൽ

മുറ്റത്തെ മുല്ലയ്ക്ക് മാത്രമല്ല, മുറ്റത്തെ മുരിങ്ങയ്ക്കും മരുന്നിന്റെയും വരുമാനത്തിന്റെയും ഗുണമുണ്ടെന്ന് തെളിയിക്കുകയാണ് എലപ്പുള്ളി മുതിരംപള്ളത്തെ അരുണ സുരേഷ്. നാട്ടിൻപുറങ്ങളിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന മുരിങ്ങയിലയെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി ‘നാച്ചുറൽ’ എന്ന ബ്രാൻഡിലൂടെ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ഈ കുടുംബശ്രീ അംഗം. മുരിങ്ങയിലയിൽ വിരിഞ്ഞ ‘നാച്ചുറൽ’ വിജയം കാണണം എങ്കിൽ ദേശീയ സരസ് മേള നടക്കുന്ന ചാലിശ്ശേരിയിലെ മുലയംപറമ്പത്ത് കാവ് മൈതാനത്തു എത്തണം. ഉൽപ്പന്ന പ്രദർശന വിപണന മേളയിലെ 33 ആം നമ്പർ സ്റ്റാളിലാണ് മുരിങ്ങ കൊണ്ടുള്ള വിസ്മയം.

എലപ്പുള്ളി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ നന്ദനം കുടുംബശ്രീ അംഗമായ അരുണ കഴിഞ്ഞ ആറു വർഷമായി ഈ സംരംഭം തുടങ്ങിയിട്ട്. നാട്ടിൻപുറങ്ങളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന മുരിങ്ങയിലകൾ വൃത്തിയാക്കി സ്വന്തം മില്ലിൽ പൊടിച്ചാണ് ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നത്. യന്ത്രസഹായത്തേക്കാൾ ഉപരിയായി ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യുന്നത് ഉൾപ്പെടെയുള്ള ജോലികൾ പൂർണ്ണമായും കൈകൾ കൊണ്ടാണ് ചെയ്യുന്നത് എന്നത് ഇതിന്റെ തനിമ നിലനിർത്തുന്നു.

കേവലം ഒരു കറിയായി ഒതുങ്ങുന്നതല്ല അരുണയുടെ മുരിങ്ങയില ഉൽപ്പന്നങ്ങൾ. ആരോഗ്യത്തിന് ഏറെ ഗുണകരമായ വിഭവങ്ങളുടെ നീണ്ട നിര തന്നെ അരുണയ്ക്കുണ്ട്. മുരിങ്ങയില ചമ്മന്തിപ്പൊടി, ഇഡ്ഡലിപ്പൊടി, പുട്ടുപൊടി. മുരിങ്ങയില ചായപ്പൊടി, പോഷകസമൃദ്ധമായ സൂപ്പ് പൊടി. മുരിങ്ങപ്പൂവ് കൊണ്ടും മുരിങ്ങക്കായ കൊണ്ടുമുള്ള ചമ്മന്തിപ്പൊടികൾ, മുരിങ്ങയില ക്യാപ്സൂളുകൾ, കൂടാതെ കറിവേപ്പില സൂപ്പ് പൊടി, മുതിര, റാഗി എന്നിവ കൊണ്ടുണ്ടാക്കിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും ‘നാച്ചുറൽ’ ബ്രാൻഡിനെ വ്യത്യസ്തമാക്കുന്നു.

ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് സംരംഭകയിലേക്കുള്ള അരുണയുടെ വളർച്ചയ്ക്ക് പിന്നിൽ പട്ടാമ്പിയിലെ കേരള കാർഷിക ഗവേഷണ വികസന കേന്ദ്രത്തിന്റെ വലിയ പിന്തുണയുണ്ട്. അവിടെ നിന്ന് ലഭിച്ച ശാസ്ത്രീയമായ പരിശീലനമാണ് കൃത്യമായ ഗുണനിലവാരത്തോടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ അരുണയെ സഹായിച്ചത്.

‘എന്റെ കേരളം’ ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി പ്രദർശന വിപണന മേളകളിൽ ഇതിനോടകം അരുണയുടെ ഉൽപ്പന്നങ്ങൾ ജനപ്രീതി നേടിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് കുടുംബശ്രീയുടെ ദേശീയ മേളയായ സരസ് മേളയിൽ അരുണ പങ്കെടുക്കുന്നത്. പാരമ്പര്യവും ശാസ്ത്രീയതയും ചേർത്തുവച്ച് അരുണ ഒരുക്കുന്ന ഈ മുരിങ്ങയില വിഭവങ്ങൾ സരസ് മേളയിലെത്തുന്നവർക്ക് പുതിയൊരു അനുഭവമാകുമെന്ന് ഉറപ്പാണ്.