ലോകോത്തര ഉൽപ്പന്നങ്ങൾക്കായി ബ്രാൻഡ്, സ്കെയിൽ, ക്വാളിറ്റി; സരസ് വേദിയിൽ സംരംഭകത്വ പാഠങ്ങൾ

കേരളത്തിൽ നിന്ന് ലോകോത്തര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് ബ്രാൻഡ്, സ്കെയിൽ, ക്വാളിറ്റി എന്നീ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക പറഞ്ഞു. ദേശീയ സരസ് മേളയുടെ ഭാഗമായി നടന്ന ‘നൂതന സ്റ്റാർട്ടപ്പ് സാധ്യതകൾ’ എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


സംരംഭകത്വത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് എങ്ങനെ എടുക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. “നമ്മുടെ ഉൽപ്പന്നങ്ങൾ ലോകവിപണിയിൽ മത്സരിക്കണമെങ്കിൽ ഗുണനിലവാരത്തിലും ഉൽപ്പാദനത്തിന്റെ അളവിലും ബ്രാൻഡിംഗിലും വിട്ടുവീഴ്ച പാടില്ല. ശാക്തീകരണത്തിനപ്പുറം സാമ്പത്തിക പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇത് സാധ്യമാകൂ” – അനൂപ് അംബിക കൂട്ടിച്ചേർത്തു.


‘കുതിരയെ വെള്ളം കുടിപ്പിക്കാനാവില്ല’ ; കുടുംബശ്രീയുടെയും സ്റ്റാർട്ടപ്പ് മിഷന്റെയും പങ്ക് വ്യക്തമാക്കാൻ പഴയൊരു ചൊല്ലാണ് ഡോ. പൂർണ്ണിമ നാരായണൻ വേദിയിൽ ഉദാഹരിച്ചത്. “പുഴയുടെ അടുത്തേക്ക് കുതിരയെ കൊണ്ടുപോകാം, പക്ഷെ വെള്ളം കുടിക്കണമെങ്കിൽ കുതിര തന്നെ തീരുമാനിക്കണം. ഇതുപോലെയാണ് സംരംഭകത്വവും. അവസരങ്ങളും സാഹചര്യങ്ങളും ഒരുക്കി നൽകാൻ മാത്രമേ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കൂ. അത് ഉപയോഗപ്പെടുത്താൻ സ്ത്രീകൾ സ്വയം മുന്നോട്ട് വരണം” – അവർ പറഞ്ഞു. സ്ത്രീകൾ എന്ത് ചെയ്യണമെന്ന് അധികാരികൾ പറയുന്ന പഴയ രീതി മാറി, അവർ എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് ഇങ്ങോട്ട് പറയുന്ന തലത്തിലേക്ക് കുടുംബശ്രീ വളർന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.


തിങ്കളാഴ്ച (ജനുവരി 5) രാവിലെ വേദി 2 – അമ്മു സ്വാമിനാഥനിൽ നടന്ന സെമിനാറിൽ നവകേരള മിഷൻ പാലക്കാട്‌ ജില്ലാമിഷൻ കോർഡിനറ്റർ സൈതലവി അധ്യക്ഷത വഹിച്ചു. ഐ.ഇ.ഒ  സുഹൈൽ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പാലക്കാട്‌ ജില്ലാ പ്രോഗ്രാം മാനേജർ ജിജിൻ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്ക് സംഘാടകർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.