കോഴിക്കോട്: മാമ്പഴത്തെര എന്ന് കേട്ടിട്ടുണ്ടോ?.. രുചിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ ഇന്ന് തന്നെ സരസ് മേളയിലേക്ക് പോരൂ.. മാമ്പഴം ജ്യൂസ് ആക്കി പനം പായയിലിട്ട് തട്ടുതട്ടുകളായി ഉണക്കിയെടുത്ത് തയ്യാറാക്കുന്ന ഒരു പ്രത്യേക തരം മധുര പലഹാരമാണ് ‘മാമ്പഴത്തെര’. പുതിയ തലമുറയിൽപ്പെട്ടവർക്ക് അത്ര സുപരിചിതമല്ലെങ്കിലും മുതിർന്ന തലമുറയിൽപ്പെട്ടവർക്ക് ഒരു പക്ഷെ ഈ പലഹാരത്തെ തിരിച്ചറിയാൻ കഴിഞ്ഞേക്കും. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ സി.ഡി.എസിൽ നിന്നും എത്തിയ സനൂബ ബീവിയാണ് സരസ്മേളയിൽ മാമ്പത്തെര വിപണനം ചെയ്യുന്നത്. 16 ആം നമ്പർ സ്റ്റാളിലാണ് മാമ്പഴത്തെര ലഭിക്കുന്നത്.
1999 ലാണ് സനൂബ തൻ്റെ സംരംഭമായ സൗഹൃദയ യൂണിറ്റ് കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്യുന്നത്. കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട് സനൂബ ബീവിയുടെ ഈ യൂണിറ്റിന്. രാജ്യത്തൊട്ടാകെ നടന്ന നിരവധി സരസ് മേളകളിലും മറ്റു വിപണമേളകളിലും പങ്കെടുത്തിട്ടുണ്ട് സനൂബ ബീവിയുടെ ഈ യൂണിറ്റ്. മാമ്പഴത്തെര കൂടാതെ അരിപ്പൊടി, ചക്കപ്പൊടി, കപ്പപ്പാല് എന്നിവയും വിവിധതരം പച്ചക്കറികളും ചേർത്ത് തയ്യാറാക്കുന്ന പപ്പടങ്ങളും, ഒട്ടേറെ ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ചുക്ക് കരിപ്പട്ടിയും സ്റ്റാളിൽ ലഭ്യമാണ്. മേള ഇന്ന് (13.05.2025) സമാപിക്കും.
