കാലത്തിന് കൈമോശം വരുന്നതിനെ കാത്തുവയ്ക്കുന്നവരാണ് തദ്ദേശീയ ജനവിഭാഗങ്ങള്‍. കാടിന്റെ തണലില്‍ മണ്ണിലേക്ക് കാലങ്ങള്‍ക്ക് മുമ്പേ ആഴ്ന്നിറങ്ങിയ ഇവരുടെ സംസ്‌കാരം അടുത്തറിയാന്‍ കോഴിക്കോട് ബീച്ചിലെ കുടുംബശ്രീ ദേശീയ സരസ് മേളയിലെ നാലാം നമ്പര്‍ സ്റ്റാളില്‍ എത്തിയാല്‍ മതി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള തദ്ദേശീയ ജനവിഭാഗങ്ങളുടെ ഉത്പന്നങ്ങളുടെയും ഭക്ഷ്യ വൈവിധ്യങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയുമാണ് ‘നങ്ക അങ്ങാടി’യിലൂടെ ഒരുക്കിയിരിക്കുന്നത്. ഞങ്ങളുടെ അങ്ങാടി എന്നാണ് നങ്ക അങ്ങാടി എന്ന വാക്കിന്റെ അര്‍ത്ഥം.
കുടുംബശ്രീ മുഖേന വയനാട്, മലപ്പുറം, കാസര്‍ഗോഡ് കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട് (അട്ടപ്പാടി), ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ തദ്ദേശീയ മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായുള്ളവര്‍ ഉത്പാദിപ്പിക്കുന്ന 100 ഓളം വിഭവങ്ങള്‍ നങ്ക അങ്ങാടിയില്‍ ലഭിക്കും. 180 ഓളം പൈതൃക കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്ന വയനാട്ടിലെ നൂറാങ്കില്‍ നിന്നും തെരഞ്ഞെടുത്ത പത്തോളം കിഴങ്ങുകളാണ് നങ്ക അങ്ങാടിയിലെ പ്രധാന ആകര്‍ഷണം.
വയനാടിന്റെ ഗന്ധകശാല, തൊണ്ടി, ചോമാല, രക്തശാലി തുടങ്ങി എട്ടുതരം വ്യത്യസ്ത അരികള്‍, പീച്ചിങ്ങ സ്‌ക്രബ്ബ്, കാട്ടുമാങ്ങാ അച്ചാര്‍, നിലമ്പൂരിലെ ചോല നായിക്ക വിഭാഗത്തിന്റെ കാട്ടു തേന്‍, കുന്തിരിക്കം, കണ്ണൂരിന്റെ ആദി കുട, വെളിച്ചെണ്ണ, തൃശ്ശൂരില്‍ നിന്ന് കരകൗശല വസ്തുക്കള്‍, അട്ടപ്പാടിയിലെ കടുക്, ചെറുധാന്യക്കൂട്ട്, ചൂല് തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ ലഭിക്കും. കൂടാതെ വയനാട്ടിലെ ബത്തഗുഡെയിലെ 230 ഇനം നെല്ലുകളുടെ പ്രദര്‍ശനവും നങ്ക അങ്ങാടിയിലുണ്ട്.
നങ്ക അങ്ങാടിയുടെ ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് മേയ് മൂന്നിന് നിര്‍വഹിച്ചു. വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് അന്യമാകുന്ന തദ്ദേശീയ ജനവിഭാഗത്തിന്റെ സംസ്‌കാരം ഏവരേയും പരിചയപ്പെടുത്തുക, തദ്ദേശീയ ജനങ്ങളുടെ വരുമാനവര്‍ദ്ധനവ് എന്നീ ലക്ഷ്യങ്ങളാണ് നങ്ക അങ്ങാടിയിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
