ദേശീയ സരസ് മേളയിലെ ഫുഡ് കോർട്ടിൽ രുചിയുടെയും അതിജീവനത്തിന്റെയും കഥ പറയുകയാണ് എറണാകുളത്ത് നിന്നുള്ള ‘ലക്ഷ്യ’ ജ്യൂസ് സ്റ്റാൾ. കുടുംബശ്രീ എറണാകുളം ജില്ലാമിഷന്റെ കീഴിലുള്ള ട്രാൻസ്ജെൻഡർ അയൽക്കൂട്ടമായ ‘ലക്ഷ്യ ഫ്രൂട്ട്സ് ആൻഡ് ജ്യൂസ് കോർണർ’ ഇത് ഏഴാം തവണയാണ് സരസ് മേളയിൽ തങ്ങളുടെ രുചി വൈവിധ്യങ്ങളുമായി എത്തുന്നത്. കഴിഞ്ഞ 8 വർഷമായി ഈ രംഗത്ത് സജീവമായ ലക്ഷ്യ ഗ്രൂപ്പിനെ നയിക്കുന്നത് അമൃത ജോസഫ് മാത്യു, മരിയ മാത്യു, മീനു മീനാക്ഷി എന്നിവരാണ്. കാക്കനാട് കളക്ടറേറ്റ് വളപ്പിൽ പ്രവർത്തിക്കുന്ന ഇവരുടെ ജ്യൂസ് കോർണർ ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിച്ചതാണ്. എറണാകുളം നോർത്ത് അയൽക്കൂട്ടത്തിലെ അംഗങ്ങളായ ഇവർ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ മേളകളിൽ സ്ഥിരസാന്നിധ്യമാണ്.
കൗതുകമുണർത്തി സ്പെഷ്യൽ ജ്യൂസുകൾ:
ഏഴാം വട്ടവും മേളയിലെത്തുമ്പോൾ പുതുമയുള്ള വിഭവങ്ങൾ കൊണ്ടുവരാൻ ഇവർ മറന്നിട്ടില്ല. പേരിൽ തന്നെ കൗതുകമുള്ള ‘ഒ.സി’ (OC) ജ്യൂസ്, ‘പി-ത്രീ’ (P3) ജ്യൂസ്, ‘ബി.പി’ (BP) ജ്യൂസ് എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഇവ എന്താണെന്നറിയാനും രുചിക്കാനുമായി നിരവധി പേരാണ് സ്റ്റാളിലേക്ക് എത്തുന്നത്.
വൈവിധ്യങ്ങളുടെ നീണ്ട നിര:
മധുരമുള്ള ജ്യൂസുകൾക്ക് പുറമെ എരിവും പുളിയും ഇഷ്ടപ്പെടുന്നവർക്കായി ‘ഫ്ലേവർ സോഡകളുടെ’ നിര തന്നെ ഇവിടെയുണ്ട്. അച്ചാർ മോര് സോഡ, പച്ചമാങ്ങ ചില്ലി സോഡ, നെല്ലിക്ക കാന്താരി സോഡ, ഓറഞ്ച് ചില്ലി, പൈനാപ്പിൾ ചില്ലി എന്നിങ്ങനെ നാവിൻ തുമ്പിൽ രുചിഭേദങ്ങൾ തീർക്കുന്ന വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. പരമ്പരാഗത രുചിയിലുള്ള ‘ചട്ടി മോര്’, ‘നന്നാരി കള്ളൻ’ എന്നിവയും ഇവിടുത്തെ ഹിറ്റ് ഐറ്റങ്ങളാണ്.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ട്രാൻസ്ജെൻഡർ സമൂഹത്തെ കൊണ്ടുവരുന്നതിൽ കുടുംബശ്രീ നൽകുന്ന പിന്തുണയുടെയും കരുത്തിന്റെയും ഉദാഹരണമാണ് സരസ് മേളയിലെ ഇവരുടെ തുടർസാന്നിധ്യം. 8 വർഷത്തെ അനുഭവസമ്പത്തും കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ പൂർണ്ണ പിന്തുണയുമായി മുന്നേറുന്ന അമൃതയ്ക്കും കൂട്ടുകാർക്കും സരസ് മേളയും ആത്മവിശ്വാസം നൽകുന്ന വേദിയാണ്.
