‘ധ്രുവ’ – മൊഡ്യൂള്‍ ശിൽപ്പശാല സംഘടിപ്പിച്ചു

കുടുംബശ്രീയും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ കീഴിലുള്ള എച്ച്.എല്‍.എല്‍ മാനേജ്മെന്റ് അക്കാഡമിയും (എച്ച്.എല്‍.എല്‍ എം.എ- എച്ച്.എം.എ) സംയുക്തമായി വയനാട് ജില്ലയിലെ തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളിലെ തദ്ദേശവാസികളായ ബാലസഭാംഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ‘ധ്രുവ’ പദ്ധതിയുടെ ഭാഗമായി മൊഡ്യൂള്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ഒക്ടോബര്‍ 7 മുതല്‍ 9 വരെ കോട്ടയത്തായിരുന്നു ശില്‍പ്പശാല.

‘ധ്രുവ – ജീവിത നൈപുണി വിദ്യാഭ്യാസത്തിലൂടെ ബാലസഭാംഗങ്ങളില്‍ പ്രതിരോധശേഷിയും ക്ഷേമവും വളര്‍ത്തിയെടുക്കല്‍’ പദ്ധതിയിലൂടെ തദ്ദേശമേഖലയിലെ ബാലസഭാംഗങ്ങളായ 13നും 15നും ഇടയില്‍ പ്രായമുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 13 ദിവസം നീളുന്ന കാര്യശേഷി വികസന പരിശീലനം നല്‍കുകയാണ് ലക്ഷ്യം. തിരുനെല്ലിയിലെയും നൂല്‍പ്പുഴയിലെയും 50 വീതം കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കുക.

പോഷകാഹാരം, ശുചിത്വം, ആരോഗ്യപരിപാലനം എന്നിവയുള്‍പ്പെടെയുള്ള അവശ്യ ലൈഫ് സ്‌കില്‍സ് അഥവാ ജീവിത നൈപുണികളില്‍ ഈ കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സില്‍ ഊന്നിയ കാര്യശേഷി വികസന പരിശീലനത്തിലൂടെ ശാക്തീകരിച്ച് അവരെ ജീവിത വെല്ലുവിളികള്‍ നേരിടാനും അവസരങ്ങള്‍ മുതലെടുക്കാനും ആരോഗ്യകരവും ഉത്പാദനക്ഷമവുമായ ജീവിതം നയിക്കാനും സഹായിക്കുകയാണ് ധ്രുവ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

എഴുത്ത് ശില്‍പ്പശാലയില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി. രാജന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ശാരിക.എസ്, കുടുംബശ്രീ തിരുനെല്ലി സ്‌പെഷ്യല്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ടി.വി. സായ് കൃഷ്ണ, ട്രെയിനിങ് ടീം അംഗം ജയന്‍ പൂക്കോട്, പത്തനംതിട്ട അനിമേറ്റര്‍ കോര്‍ഡിനേറ്റര്‍ രാജി, റിസോഴ്‌സ് പേഴ്‌സണ്‍മാരായ ശ്രീജ, പ്രിയ, പരിശീലകനായ വര്‍ഗീസ്, ബ്ലൂ പോയിന്റ് സി.ഇ.ഒ ബേബി ഭാസ്‌കര്‍, എച്ച്.എല്‍.എല്‍ മാനേജര്‍ മീനു, എച്ച്.എം.എ പ്രതിനിധികളായ നമിത. എസ്, ജിജോ എസ്. പ്രമോദ്, രജിത രവി, അഞ്ജലി എ.എസ്, മെഹാക് ഫൗണ്ടേഷന്‍ പ്രതിനിധികളായ ക്രിസ്റ്റീന, ഡോ. പൂര്‍ണ്ണിമ, എന്നിവര്‍ പങ്കെടുത്തു.