ഇന്റര്‍നാഷണല്‍ ലേബര്‍ അസോസിയേഷനും (ഐ.എല്‍.ഒ) ഇന്റര്‍നാഷണല്‍ ട്രെയിനിങ് സെന്ററും (ഐ.ടി.സി) മൈക്രോസോഫ്ടും സംയുക്തമായി കുടുംബശ്രീ സംരംഭകര്‍ക്കായി ‘വുമണ്‍ ഇന്‍ ഡിജിറ്റല്‍ ബിസിസനസ്’ പരിശീലനം സംഘടിപ്പിച്ചു. ഒക്ടോബര്‍ 14 മുതല്‍ 17 വരെ എറണാകുളം കളമശ്ശേരിയിലായിരുന്നു പരിശീലനം.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലുള്ള അറിവ് അനിവാര്യമായി തീര്‍ന്ന ഇക്കാലത്ത് നിലവിലുള്ള കുടുംബശ്രീ സംരംഭകര്‍ക്ക് അവരുടെ സംരംഭങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായമേകുകയായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, വില്‍പ്പന എന്നിവ മെച്ചപ്പെടുത്തുക, ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കല്‍, പണമിടപാട് നടത്തല്‍, ഉത്പന്നങ്ങള്‍ അയക്കലും വിതരണം ചെയ്യലും എന്നിങ്ങനെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂന്നിയുള്ള പരിശീലനമാണ് നല്‍കിയത്.
ആഗോള അംഗീകാരമുള്ള മൈക്രോ സോഫ്ടിന്റെയും ഐ.എല്‍.ഒ- ഐ.ടി.സിയുടെയും സര്‍ട്ടിഫിക്കറ്റാണ് പരിശീലനത്തില്‍ പങ്കെടുത്ത 18 പേര്‍ക്കും ലഭിച്ചത്. ഇത് കൂടാതെ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ആഗോള ബിസിനസ് സമൂഹവുമായി ബന്ധപ്പെടാനുള്ള തുടര്‍ച്ചയായ പിന്തുണയും മൈക്രോ സോഫ്ടിന്റെ ഇ- ലേണിങ് പ്ലാറ്റ്‌ഫോമില്‍ സൗജന്യമായി പഠനം നടത്താനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും. ലീഡ് ട്രെയിനര്‍ ഐസക് സിങ് അംബ്രോസ് ക്ലാസ്സുകള്‍ നയിച്ചു.
