പന്തളം കുടുംബശ്രീ പ്രീമിയം റെസ്‌റ്റോറന്റില്‍ ‘ദേശീ ധമാക്ക’ പൊടിപൊടിക്കുന്നു..

പത്തനംതിട്ട ജില്ലയിലെ കുടുംബശ്രീയുടെ പ്രീമിയം കഫേയില്‍ മണ്ഡലകാല വിപണന മേളയായ ‘ദേശീ ധമാക്ക’ പുരോഗമിക്കുന്നു. വെജിറ്റേറിയന്‍ ഭക്ഷ്യമേളയും കുടുംബശ്രീ ഉല്പന്നങ്ങളുടെ വിപണനമേളയുമാണ് ദേശീ ധമാക്കയുടെ ഭാഗമായി പന്തളം കുളനടയിലുള്ള കഫേ കുടുംബശ്രീ പ്രീമിയം റെസ്‌റ്റോറന്റില്‍ നവംബര്‍ 27 ന് ആരംഭിച്ചത്. ഡിസംബര്‍ ആറ് വരെയാണ് മേള.

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് എതിര്‍വശത്താണ് പ്രീമിയം കഫേ. അതിനാല്‍ തന്നെ മണ്ഡലകാലം ആരംഭിച്ചതോടെ കഫേയില്‍ ഭക്തജനങ്ങളും ഏറെ എത്തുന്നു. പ്രീമിയം കഫേയില്‍ താമസ സൗകര്യത്തിനായി റൂമുകളുമുണ്ടെന്നതാണ് മറ്റൊരു ആകര്‍ഷണം. വൈവിധ്യമാര്‍ന്ന സ്വാദൂറും വെജിറ്റേറിയന്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്ന ഭക്ഷ്യമേളയ്‌ക്കൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതോളം കുടുംബശ്രീ സംരംഭകര്‍ പങ്കെടുക്കുന്ന വിപണന മേളയാണ് ഒരുക്കിയിരിക്കുന്നത്. നെറ്റിപ്പട്ടം ഉള്‍പ്പെടെയുള്ള വിവിധ കരകൗശല വസ്തുക്കള്‍, മസാലപ്പൊടികള്‍, ചിപ്‌സ്, മസാലപ്പൊടികള്‍, അച്ചാറുകള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യം.

മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണന്‍ എസ്. ഐ.എ.എസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില. എസ് സ്വാഗതം ആശംസിച്ചു. അജിത് കുമാര്‍. ആര്‍ (ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍), പ്രദീപ് കെ.എസ് (ഹോര്‍ട്ടി കോര്‍പ്പ് റീജ്യണല്‍ മാനേജര്‍) അബ്ദുല്‍ ബാരി (വനിതാ ശിശുവികസന ഓഫീസര്‍) അയിനി സന്തോഷ് (കുളനട സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍) അനു ഗോപി (കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍, മാര്‍ക്കറ്റിംഗ്) എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.