കുടുംബശ്രീയും എച്ച്.എല്‍.എല്‍ ലൈഫ് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ധ്രുവ 2024’ പദ്ധതിക്ക് വയനാട് ജില്ലയില്‍ തുടക്കം. കായിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് കുട്ടികളുടെ കഴിവും കാര്യശേഷിയും ജീവിത നൈപുണികളുടെ വികസനവും സാധ്യമാക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. വയനാട് ജില്ലയിലെ തിരുനെല്ലി, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തുകളില്‍ തദ്ദേശ മേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബ്രിഡ്ജ് കോഴ്‌സുകളുടെയും ബാലസഭകളുടെയും ഭാഗമായ 13നും 16നും ഇടയില്‍ പ്രായമുള്ള 50 വീതം പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് പരിശീലന പരിപാടിയുടെ ഭാഗമാകുന്നത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 28 വരെയുള്ള 12 പൊതു അവധി ദിനങ്ങളിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്‍ഡോര്‍ ഗെയിമുകളും തിയേറ്റര്‍ ആക്ടിവിറ്റികളും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും സംവാദങ്ങളും ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള ഔട്ട്‌ഡോര്‍ ആക്ടിവിറ്റികളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
നവംബര്‍ 30ന് ഇരു പഞ്ചായത്തുകളിലും പദ്ധതിയുടെ ഉദ്ഘാടന പരിപാടികള്‍ നടന്നു. തിരുനെല്ലിയില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (സോഷ്യല്‍ ഇന്‍ക്ലൂഷന്‍) അരുണ്‍ പി. രാജന്‍ അധ്യക്ഷനായ ചടങ്ങില്‍ തിരുനെല്ലി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.സൗമിനി പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ മെന്റര്‍ കോര്‍ ടീം അംഗം ജയന്‍ പൂക്കാട് പദ്ധതി വിശദീകരിച്ചു. എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് റിസോഴ്‌സ് പേഴ്‌സണ്‍ വിനു, അസ്സിസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശാലിനി കൃഷ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌പെഷ്യല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സായികൃഷ്ണന്‍ ടി.വി സ്വാഗതവും ധ്രുവ ക്യാമ്പ് കോര്‍ഡിനേറ്റര്‍ രജിത നന്ദിയും പറഞ്ഞു.
നൂല്‍പ്പുഴയില്‍ കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രഹ്‌മണ്യന്‍ പി.കെ, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അമീന്‍.കെ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജയ, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ (സോഷ്യല്‍ ഇന്‍ക്ലൂഷന്‍) ശാരിക.എസ്, എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് പ്രോഗ്രാം ഓഫീസര്‍ നമിത, അസ്സിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ രാജീവ്, ധ്രുവ ക്യാമ്പ് കോര്‍ഡിനേറ്റര്‍ അഞ്ജലി എന്നിവര്‍ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.
ജീവിത നൈപുണി വികസനത്തിലൂടെ കൗമാരക്കാരില്‍ വിദ്യാഭ്യാസ ചിന്തയും കായിക പ്രതിരോധശേഷിയും ആത്മധൈര്യവും ലക്ഷ്യബോധവും വളര്‍ത്തിയെടുത്തു കൊണ്ട് ജീവിതവിജയം സാധ്യമാക്കുന്നതിനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുകയും അതോടൊപ്പം വെല്ലുവിളികളെ അതിജീവിക്കാനും ചുറ്റുമുള്ള അവസരങ്ങളെയും സാധ്യതകളെയും പ്രയോജനപ്പെടുത്തി ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള പ്രചോദനം സൃഷ്ടിക്കാനും ലക്ഷ്യമിട്ടിരിക്കുന്നു. എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് എച്ച്.എല്‍.എല്‍ മാനേജ്‌മെന്റ് അക്കാഡമി വഴി കുടുംബശ്രീയുമായി ചേര്‍ന്ന് ഈ പദ്ധതി നടപ്പിലാക്കുന്നത്.
