അന്താരാഷ്ട്ര വ്യാപാര മേളയില്‍ തിളങ്ങി  കോട്ടുകാലിന്‍റെ കാര്‍ത്തിക ചിപ്സ് യൂണിറ്റ് വ്യാപാരമേളയില്‍ കുടുംബശ്രീക്ക്  മൂന്ന് പുരസ്കാരങ്ങള്‍

വീട്ടില്‍ വറുത്തെടുത്ത നല്ല നാടന്‍ ചിപ്സ് ഇനങ്ങളുമായി അന്താരാഷ്ട്ര വ്യാപാര മേളയിലെത്തി അവാര്‍ഡ് നേടാന്‍ കഴിഞ്ഞതിന്‍റെ ത്രില്ലിലാണ് തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ സ്വദേശിനിയായ ലത വി എന്ന കുടുംബശ്രീ കാര്‍ഷിക സംരംഭക. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നവംബര്‍ 14 മുതല്‍ 27 വരെ സംഘടിപ്പിച്ച മേളയോടനുബന്ധിച്ചുള്ള ആജീവിക സരസ്മേളയിലെ ഭക്ഷ്യവിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് ഏറ്റവും മികച്ച ഫുഡ് സ്റ്റാളിനുള്ള അംഗീകാരമാണ് ലതയുടെ കാര്‍ത്തിക ചിപ്സ്  യൂണിറ്റ് നേടിയത്. ഈ വിഭാഗത്തില്‍ പങ്കെടുത്ത മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഉല്‍പന്നങ്ങളുടെ എണ്ണം, വൈവിധ്യം,  സ്റ്റാളിന്‍റെ രൂപകല്‍പന, വില്‍പന എന്നിവയുടെ അടിസ്ഥാനത്തില്‍ യൂണിറ്റിനെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ആകെ പത്തു ലക്ഷം രൂപയുടെ വിറ്റുവരവാണ് ഈ ദിവസങ്ങളില്‍ സ്വന്തമാക്കിയത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടര്‍ എസ്.എം രാജേശ്വരിയില്‍ നിന്നും കേരളത്തിനു വേണ്ടി കാര്‍ത്തിക ചിപ്സ് യൂണിറ്റ് പ്രസിഡന്‍റ് കൂടിയായ ലത പുരസ്കാരം സ്വീകരിച്ചു.

ഇതോടൊപ്പം മറ്റു രണ്ട് പുരസ്കാരങ്ങള്‍ കൂടി കുടുംബശ്രീക്ക് ലഭിച്ചിരുന്നു.  വ്യാപാര മേളയില്‍ സംഘടിപ്പിച്ച സ്റ്റേറ്റ് ഫുഡ് കോര്‍ട്ടില്‍ ഒന്നാം സ്ഥാനം കഫേ കുടുംബശ്രീ ഫുഡ്കോര്‍ട്ടിനായിരുന്നു. മേളയിലെ ഏറ്റവും മികച്ച രണ്ടാമത്തെ കോര്‍ഡിനേറ്റര്‍ എന്ന അംഗീകാരം കുടുംബശ്രീ തൃശൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ശോഭു നാരായണനും സ്വന്തമായി. മേളയിലാകെ എല്ലാ വിഭാഗത്തിലുമായി 52.83 ലക്ഷം രൂപയുടെ വിറ്റുവരവും കുടുംബശ്രീ നേടി.  

കോട്ടുകാല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സെന്‍റ്മേരീസ് അയല്‍ക്കൂട്ട അംഗമായ ലത ജില്ലയിലെ മികച്ച കുടുംബശ്രീ കര്‍ഷകരില്‍ ഒരാളാണ്. പാട്ടത്തിനെടുത്ത മൂന്നേക്കര്‍ സ്ഥലത്ത് നേന്ത്രവാഴയാണ് പ്രധാന കൃഷി. കൂടാതെ ഒന്നര ഏക്കര്‍ സ്ഥലത്ത് പയര്‍, ചീര, വെണ്ട, വെള്ളരി, ഇഞ്ചി, മഞ്ഞള്‍ എന്നിവയും കൃഷി ചെയ്യുന്നു. സ്വന്തമായി കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ കൊണ്ടാണ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നത്. നേന്ത്രന്‍, ചേന, ചേമ്പ്, കാച്ചില്‍, കപ്പ എന്നിവ കൊണ്ട് തയ്യാറാക്കിയ ആയിരം കിലോ വിവിധയിനം ചിപ്സ് ഉല്‍പന്നങ്ങളുമായാണ് ഇത്തവണ മേളയിലെത്തിയത്. കൂടാതെ ഉണ്ണിയപ്പം, പഴം ചിപ്സ്, ചക്ക കൊണ്ട്  ചിപ്സ്, ചക്കവരട്ടി, ഹല്‍വ തുടങ്ങി വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും എത്തിച്ചു. മികച്ച ഗുണനിലവാരത്തിനൊപ്പം ആകര്‍ഷകമായ പായ്ക്കിങ്ങും ബ്രാന്‍ഡിങ്ങും വിപണനത്തിനും ഒപ്പം പുരസ്കാരലബ്ധിക്കും സഹായകമായി.

ലതയ്ക്കൊപ്പം ജലജ, രശ്മി എസ്.എല്‍, സുകുമാരി എന്നിവര്‍ കൂടി ഉള്‍പ്പെട്ടതാണ് കാര്‍ത്തിക ചിപ്സ് യൂണിറ്റ്. യൂണിറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീയുടെയും കൃഷി വകുപ്പിന്‍റെയും പിന്തുണയും ലഭിക്കുന്നു. ഇരുപത് വര്‍ഷത്തിലേറെയായി കാര്‍ഷിക രംഗത്ത് നിലകൊള്ളുന്ന ലതയുടെ  കഠിനാധ്വാനത്തിന് ലഭിച്ച പ്രതിഫലം കൂടിയാണ് ഇപ്രാവശ്യം അന്താരാഷ്ട്ര വ്യാപാരമേളയില്‍ ലഭിച്ച ദേശീയതല അംഗീകാരം.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയില്‍ കുടുംബശ്രീ സംരംഭകരും പങ്കെടുക്കാറുണ്ട്. ഉല്‍പന്ന വിപണനത്തിനുളള അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണിത്. ഇതിനു മുമ്പും കേരളത്തെ പ്രതിനിധീകരിച്ച് മേളയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും പുരസ്കാരം ലഭിക്കുന്നത് ഇതാദ്യമാണ്. മേളയില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് സോമനും ഒപ്പമുണ്ടായിരുന്നു. പുരസ്കാര നേട്ടത്തിനൊപ്പം ഡല്‍ഹി സന്ദര്‍ശനം നടത്താന്‍ കഴിഞ്ഞതും ഈ സംരംഭകയുടെ ആഹ്ളാദം ഇരട്ടിയാക്കുന്നു.