തദ്ദേശീയ മേഖലയിലെ യുവതീയുവാക്കളെ സംരംഭകരാക്കി മാറ്റി അതുവഴി ഉപജീവനസാധ്യത തുറന്നേകി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ കെ-ടിക് പദ്ധതിയുടെ ഗുണഭോക്തൃ പരിശീലനം ജില്ലാതലത്തില്‍ പുരോഗമിക്കുന്നു. കുടുംബശ്രീ ട്രൈബല്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഇന്നവേഷന്‍ സെന്റര്‍ (കെ-ടിക്) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും വയനാട്ടിലെ തിരുനെല്ലിയിലും തദ്ദേശീയ മേഖലയില്‍ നിന്ന് തെരഞ്ഞെടുത്തിട്ടുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട മൊഡ്യൂള്‍ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ശേഷിച്ച ജില്ലകളിലും അട്ടപ്പാടിയിലും വരും ദിവസങ്ങളില്‍ പരിശീലനം സംഘടിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. മാര്‍ച്ച് പകുതിയോടെ എല്ലാ ജില്ലകളിലും രണ്ടാം മൊഡ്യൂള്‍ പരിശീലനവും പൂര്‍ത്തിയാക്കും. കേരളത്തിലെ 14 ജില്ലകളിലെയും തദ്ദേശീയ മേഖലയില്‍ നിന്നുള്ള 800 യുവതീയുവാക്കളെയാണ് പദ്ധതി ഗുണഭോക്താക്കളായി ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വിവിധഘട്ടങ്ങളിലായി ഒന്നരവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുക.
കുടുംബശ്രീയുടെ വിവിധ പരിശീലന മേഖലകളില്‍ പ്രവൃത്തി പരിചയമുള്ള 36 ഇന്‍ക്യുബേറ്റര്‍മാരിലൂടെയാണ് ഗുണഭോക്താക്കള്‍ക്ക് സംരംഭകത്വ വികസന പരിശീലനം നല്‍കുന്നത്. പരിശീലനത്തിനൊപ്പം സൂക്ഷ്മസംരംഭങ്ങളുടെ പ്രവര്‍ത്തനരീതിയും ഉത്പന്ന വിപണനവും മറ്റും കണ്ട് മനസ്സിലാക്കുന്നതിനായി ഫീല്‍ഡ് സന്ദര്‍ശനവും സംഘടിപ്പിച്ചുവരുന്നു.
