കുടുംബശ്രീ നഗര സി.ഡി.എസുകളുടെ സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതും സി.ഡി.എസുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതും ലക്ഷ്യമിട്ടുള്ള ചലനം മെന്റര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഇന്റേണല്‍ റിസോഴ്സ് ഗ്രൂപ്പ് (ഐ.ആര്.ജി) അംഗങ്ങള്‍ക്ക് ത്രിദിന പരിശീലനം സംഘടിപ്പിച്ചു. 11 സി.ഡി.എസുകളില്‍ നിന്നുള്ള 49 ഐ.ആര്.ജി അംഗങ്ങൾ പരിശീലനത്തില്‍ പങ്കെടുത്തു.
ചലനം പരിപാടിയുടെ ഭാഗമായി സി.ഡി.എസുകളില്‍ ഇടപെടുന്ന മെന്റര്‍മാരെ ഫീല്‍ഡ്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും അത് താഴെത്തട്ടില്‍ വിജയകരമായി നടപ്പിലാക്കുന്നതിന് സഹായിക്കുന്നതിനുമുള്ള കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘമാണ് ഇന്റേണല്‍ റിസോഴ്സ് ഗ്രൂപ്പ്. സി.ഡി.എസ് തലത്തില്‍ പ്രവര്‍ത്തിച്ചു പരിചയസമ്പത്ത് നേടിയിട്ടുള്ളവരാണിവര്.
കഴിഞ്ഞ ആറുമാസക്കാലത്തെ ചലനം മെന്റര്‍ഷിപ്പ് പ്രോഗ്രാം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നേട്ടങ്ങളും അഭിപ്രായങ്ങളും വെല്ലുവിളികളും പ്രശ്നങ്ങളും തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ഐ.ആര്.ജി അംഗങ്ങള്‍ പങ്കുവച്ചു.

പ്രധാന നേട്ടങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് ഇവര്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശനം കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ കെ.യു, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനീഷ് കുമാർ എം. എസ് ന് നല്കി നിര്‍വഹിച്ചു. അടുത്ത ആറു മാസക്കാലത്തേക്ക് അതാത് സി.ഡി.എസില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള കര്‍മ്മപദ്ധതിയും റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങള്‍ തയാറാക്കി അവതരിപ്പിച്ചു.
