മലപ്പുറം നഗരസഭയിലെ സിവില്‍ സ്റ്റേഷന്‍ ക്യാന്റീനില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ‘ഹെല്‍ത്തി പ്ലേറ്റ്’ ഒരുക്കി നല്‍കി ശ്രദ്ധ നേടുകയാണ് ഒരു കുടുംബശ്രീ യൂണിറ്റ്. നാല് വര്‍ഷങ്ങളായി ഇവിടെ ക്യാന്റീന്‍ പ്രവര്‍ത്തിപ്പിച്ചുവരുന്ന കഫെ കുടുംബശ്രീ ക്യാന്റീനാണ് ഹെല്‍ത്തി പ്ലേറ്റ് എന്ന എന്ന പേരില്‍ നോണ്‍ വെജ്, വെജ് ഭക്ഷണം ഉച്ച സമയത്ത് ലഭ്യമാക്കി വരുന്നത്.
ചോറിനൊപ്പം ക്യാരറ്റ്, തണ്ണിമത്തന്‍, കക്കരിക്ക, ചീര, ബീന്‍സ്, തക്കാളി, മുളപ്പിച്ചധാന്യം എന്നിവയും അതോടൊപ്പം ചിക്കനോ കോഴിമുട്ടയോ തൈരോ ഇത്രയുമാണ് ഹെല്‍ത്തി പ്ലേറ്റില്‍ ഉച്ചഭക്ഷണമായി നല്‍കുന്നത്. ചിക്കന്‍ ഉള്‍പ്പെടുന്ന ഹെല്‍ത്തി പ്ലേറ്റിന് 80 രൂപയാണ് വില. തൈര് അല്ലെങ്കില്‍ മുട്ട ഉള്‍പ്പെടുന്ന ഹെല്‍ത്തി പ്ലേറ്റിന് 60 രൂപയും.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഹെല്‍ത്തി പ്ലേറ്റുകള്‍ നല്‍കുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ പിന്തുണയും ഈ പ്രവര്‍ത്തനത്തിനുണ്ട്. രണ്ടാഴ്ച മുന്‍പ് മാത്രമാണ് ഹെല്‍ത്തി പ്ലേറ്റുകള്‍ നല്‍കാന്‍ തുടങ്ങിയതെങ്കിലും ഇപ്പോള്‍ ദിവസേന ഏറ്റവും കുറഞ്ഞത് 60 ഓര്‍ഡറുകള്‍ വരെ ലഭിക്കുന്നു. യൂണിറ്റില്‍ 22 വനിതകളും 4 പുരുഷ സഹായികളും പ്രവര്‍ത്തിച്ചുവരുന്നു.
