കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗ് നാലാം സീസണില്‍ കൈരളി ചിണ്ടക്കി ടീം ചാമ്പ്യന്മാര്‍. മൂന്ന് ദിനങ്ങളിലായി സംഘടിപ്പിച്ച ലീഗില്‍ ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ ലയ യുവശ്രീ വീരന്നൂര്‍ ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അവര്‍ കീഴടക്കിയത്. ഫുട്‌ബോളാണ് ലഹരി- സേ നോ ടു ഡ്രഗ്‌സ് എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച ലീഗില്‍ 500ലേറെ യുവാക്കളാണ് പന്തുതട്ടിയത്.
കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള യുവജന വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ലീഗിന്റെ സംഘാടനം. 47 യുവജന ക്ലബ്ബുകള്‍/ യുവശ്രീ ടീമുകള്‍ ഭാഗമായി. അഗളി പഞ്ചായത്ത് ഗ്രൗണ്ടിലായിരുന്നു മത്സരങ്ങള്‍.
പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഗ്രീന്‍വാലി മുക്കാലിയെ പരാജയപ്പെടുത്തി അസ്ട്രോ പാടവയല്‍ മൂന്നാം സ്ഥാനക്കാരായി. സഞ്ജിത് വീരന്നൂര്‍ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോള്‍ കീപ്പറായി മനു ചിണ്ടക്കി, എമര്‍ജിംഗ് പ്ലേയറായി വൈഷ്ണവ് ചിണ്ടക്കി, മികച്ച ഗോള്‍ സ്‌കോറര്‍ ആയി ഡുമ്മന്‍ വീരന്നൂര്‍, മികച്ച ഡിഫന്‍ഡര്‍ ആയി ഹരീഷ് ചിണ്ടക്കി എന്നിവരെയും തെരഞ്ഞെടുത്തു.
ഫൈനല്‍ മത്സരത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവും അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റുമായ മരുതി മുരുകന്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ്.മനോജ്, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോമോന്‍ കെ.ജെ, യൂത്ത് കോര്‍ഡിനേറ്റര്‍മാരായ രാജേഷ്, സുരേഷ്, ഗണേഷ്, ചന്ദ്രന്‍, പഞ്ചായത്ത് സമിതി ഭാരവാഹികള്‍, അനിമേറ്റര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
